
കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ മണ്ണിടിഞ്ഞതിനെ തുടർന്ന് ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണം ഇന്ന് രാവിലെയും തുടരും. കോഴിക്കോട്-വയനാട് റൂട്ടിലെ ഗതാഗതം കുറ്റ്യാടി ചുരത്തിലൂടെ മാത്രമായിരിക്കും നടക്കുക. ഇന്നലെ രാത്രി മുതലാണ് ചുരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്.
വാഹനങ്ങൾ തിരിച്ചുവിട്ടതോടെ കുറ്റ്യാടി ചുരത്തിൽ പുലർച്ചെ നാലുമണിവരെ മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. കുറ്റ്യാടിയിലും വയനാട് നിരവിൽ പുഴയിലും ഭാരം കയറ്റിയ വലിയ വാഹനങ്ങൾ ബ്ളോക്ക് ചെയ്തതോടെയാണ് ഗതാഗതക്കുരുക്കിന് അയവ് വന്നത്.
നിലവിൽ കർണാടകയിലേക്കും വയനാട്ടിലേക്കും കെഎസ്ആർടിസി ബസ് ഉൾപ്പടെയുള്ള വാഹനങ്ങൾ കുറ്റ്യാടി ചുരം വഴിയാണ് കടന്നുപോകുന്നത്. ഇടയ്ക്കിടെയുള്ള സമയങ്ങളിൽ ചെറിയ രീതിയിൽ ഗതാഗതക്കുരുക്കും അനുഭവപ്പെടുന്നുണ്ട്.
ചൊവ്വാഴ്ച വൈകീട്ട് ഏഴുമണിയോടെയാണ് താമരശ്ശേരി ചുരത്തിൽ മണ്ണിടിച്ചിൽ ഉണ്ടായത്. ചുരത്തിലെ വ്യൂപോയിന്റിന് സമീപമാണ് കൂറ്റൻ പാറക്കല്ലുകളും മണ്ണും മരങ്ങളും ഇടിഞ്ഞുവീണത്. വ്യൂ പോയിന്റിൽ റോഡിന് ഇടതുവശത്തെ പാറക്കെട്ടുകൾ നിറഞ്ഞ ഭാഗത്തുനിന്ന് കൂറ്റൻ പാറകളും മണ്ണും മരങ്ങളുമെല്ലാം ദേശീയപാതയിലേക്ക് പതിക്കുകയായിരുന്നു.
മീറ്ററുകളോളം ഉയരത്തിൽ വലിയതോതിൽ മണ്ണും പാറകളും വന്നടിഞ്ഞതോടെ ചുരത്തിൽ ഇരുദിശകളിലേക്കും കാൽനട യാത്രപോലും സാധ്യമാകാത്ത തരത്തിൽ ഗതാഗതം പൂർണമായി നിലച്ചു. പിന്നാലെ, ചുരം അടച്ച് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഇന്ന് കല്ലും മണ്ണും നീക്കം ചെയ്ത് പരിശോധന നടത്തി അപകടമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമേ തുറന്ന് കൊടുക്കുകയുള്ളൂ.
Most Read| ഓൺലൈൻ ഗെയിമിങ് ആപ്പുകൾക്ക് നിരോധനം; ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം