ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വീണ്ടും പ്രശംസിച്ച് കോൺഗ്രസ് എംപി ശശി തരൂർ. റഷ്യ-യുക്രൈൻ യുദ്ധത്തിൽ മോദി സ്വീകരിച്ച നയമാണ് ശരിയെന്ന് ശശി തരൂർ പറഞ്ഞു. ഡെൽഹിയിൽ നടന്ന ഒരു ചർച്ചയിൽ പങ്കെടുക്കുമ്പോഴായിരുന്നു തരൂരിന്റെ പരാമർശം.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നയതന്ത്രജ്ഞതയെ താൻ പ്രശംസിക്കുന്നു. റഷ്യ-യുക്രൈൻ യുദ്ധം ആരംഭിച്ചപ്പോൾ, റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിനെ താൻ പാർലമെന്റിൽ വിമർശിച്ചിരുന്നു. എന്നാൽ അന്നത്തെ തന്റെ നിലപാട് തെറ്റായിരുന്നുവെന്ന് ബോധ്യമായി. ഒരേസമയം റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുട്ടിനും യുക്രൈൻ പ്രസിഡണ്ട് വ്ളോഡിമിർ സെലെൻസ്കിക്കും സ്വീകാര്യനായ നേതാവായി മാറാൻ മോദിക്ക് കഴിഞ്ഞു. അംഗീകരിക്കപ്പെടാൻ കഴയുന്ന ഒരു പ്രധാനമന്ത്രി ഇന്ത്യക്കുണ്ടെന്നും തരൂർ പ്രശംസിച്ചു.
അതേസമയം, ശശി തരൂരിന്റെ അഭിനന്ദനത്തെ ബിജെപി ഏറ്റെടുത്തുകഴിഞ്ഞു. രാജ്യാന്തര തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ലഭിക്കുന്ന അംഗീകാരത്തെ ഒരു കോൺഗ്രസ് നേതാവ് തന്നെ പ്രശംസിക്കുന്നത് ബിജെപി രാഷ്ട്രീയ ആയുധമാക്കുമ്പോൾ, വിഷയത്തിൽ ഇതുവരെ പ്രതികരിക്കാൻ കോൺഗ്രസ് നേതൃത്വം തയ്യാറായിട്ടില്ല.
കോൺഗ്രസിനെ കൂടുതൽ പ്രതിരോധത്തിലാക്കുന്ന പരാമർശമാണ് ശശി തരൂരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുന്നത്. നേരത്തെ, പിണറായി വിജയൻ സർക്കാരിനെ പ്രശംസിച്ച്, കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തെ തരൂർ പ്രതിരോധത്തിലാക്കിയിരുന്നു. ഇതിന് പിന്നാലെയാണ്, നരേന്ദ്രമോദിയെ പ്രശംസിച്ചുകൊണ്ട് ഇപ്പോൾ കേന്ദ്ര നേതൃത്വത്തെയും പ്രതിരോധത്തിലാക്കിയിരിക്കുന്നത്.
Most Read| രണ്ടാം ഭാര്യയുടെ പ്രേതത്തെ പേടി, 36 വർഷമായി സ്ത്രീ വേഷം കെട്ടി ജീവിക്കുന്ന പുരുഷൻ