തിരുവനന്തപുരം: രാജ്യത്തെ കർഷകർക്ക് അവർ അർഹിക്കുന്ന അംഗീകാരവും ആദരവും കേന്ദ്ര സർക്കാർ നൽകുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രത്തിന്റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യ തലസ്ഥാനത്ത് അലയടിക്കുന്ന കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യവുമായി തിരുവനന്തപുരത്ത് നടക്കുന്ന സമരത്തിൽ പങ്കെടുത്ത് സംസാരിക്കുക ആയിരുന്നു അദ്ദേഹം. സംയുക്ത കര്‍ഷകസമിതിയുടെ ആഭിമുഖ്യത്തിൽ രക്തസാക്ഷി മണ്ഡപത്തിന് സമീപത്താണ് സമരം നടക്കുന്നത്.
ഐതിഹാസികമായ നിരവധി പ്രതിഷേധങ്ങൾക്ക് സാക്ഷിയായ രാജ്യമാണ് നമ്മുടേത്. അതിൽ ശ്രദ്ധേയമായ സമരങ്ങൾ സംഘടിപ്പിച്ചത് കർഷകരാണ്. നമ്മുടെ നാട്ടിലും അത്തരം പ്രക്ഷോഭങ്ങൾ നടന്ന ചരിത്രമുണ്ട്. ഇന്ത്യ കണ്ട ഏറ്റവും ശക്തമായ കർഷക പ്രക്ഷോഭമാണ് രാജ്യത്ത് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ഇതിൽ അണിനിരന്ന കർഷകർ ഉയർത്തുന്ന മുദ്രാവാക്യം രാജ്യത്തിന്റെ പൊതുവായ ആവശ്യങ്ങൾ ആണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കർഷകർക്ക് നൽകിവന്ന ആനുകൂല്യങ്ങൾ പടിപടിയായി ഇല്ലാതാക്കി. പൊതുവിതരണ സംവിധാനം തകർത്തു. കോപ്പറേറ്റുകളുടെ താൽപര്യമാണ് മറ്റെന്തിനേക്കാളും പ്രധാനം എന്നാണ് ബിജെപിയുടെ നിലപാട്. വടക്കേ ഇന്ത്യയിൽ കർഷകരുടെ താൽപര്യത്തിന് അനുസരിച്ച് നടത്തിവരുന്ന ‘മണ്ഡികൾ’ (ഗ്രാമച്ചന്ത) ഇല്ലാതാക്കാൻ കേന്ദ്രം ശ്രമിക്കുന്നു. ഇതിന്റെ ന്യൂനതകൾ പരിഹരിക്കുന്നതിന് പകരം പൂർണമായും എടുത്തുകളയാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
പലപ്പോഴും കേന്ദ്ര സർക്കാരിനെതിരെ നടക്കുന്ന സമരങ്ങളെ വർഗീയമായി ചേരിതിരിച്ച് തകർക്കാനാണ് ശ്രമിക്കാറ്. എന്നാൽ ഇവിടെ ഒത്തൊരുമയോടെ, ഒന്നിച്ച് നിന്ന് സമരം നടത്തുന്ന കർഷകരുടെ അടുത്ത് കേന്ദ്രത്തിന്റെ ആ തന്ത്രം ചിലവായില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Related News: സമരം 28ആം ദിവസത്തിലേക്ക്; രാജ്യത്തെ എല്ലാവരും ഇന്ന് ഉച്ചഭക്ഷണം ഉപേക്ഷിക്കാന്‍ ആഹ്വാനം






































