ബെംഗളൂരു: കർണാടകയിലെ ബേലൂരിലുള്ള ചെന്നകേശവ ക്ഷേത്രത്തിൽ രഥോൽസവം ആരംഭിക്കുന്നത് പതിവ് പോലെ ഖുർആനിലെ ഭാഗങ്ങൾ ഉദ്ധരിച്ചുകൊണ്ട് തന്നെ. പതിറ്റാണ്ടുകളായി നിലനിൽക്കുന്ന ആചാരം അതുപോലെ തന്നെ നടത്താൻ അധികൃതർ അനുമതി നൽകുകയായിരുന്നു. കൂടാതെ ഉൽസവ സ്ഥലത്ത് അഹിന്ദുക്കളായവര്‍ക്ക് വ്യാപാരം നടത്തുന്നതിനും വിലക്കുണ്ടായിരുന്നു. ഈ വിലക്കും നിലവിൽ നീക്കിയിട്ടുണ്ട്.
സമീപകാലത്ത് കർണാടകയിൽ മതത്തിന്റെ പേരിൽ നടന്ന പ്രശ്നങ്ങൾ ഉൽസവ നടത്തിപ്പിൽ ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു. എന്നാൽ ഉൽസവം പഴയ രീതിയിൽ തന്നെ നടത്താൻ അധികൃതർ അനുമതി നൽകുകയായിരുന്നു. കൂടാതെ ക്ഷേത്രത്തിൽ പോലീസ് സുരക്ഷ ഉറപ്പ് വരുത്താനും നിർദ്ദേശം നൽകിയിട്ടുണ്ട്. ഉത്തരവ് വന്നതിന് പിന്നാലെ 15ഓളം മുസ്ലിം വ്യാപാരികൾ നിലവിൽ ക്ഷേത്ര പരിസരത്ത് സ്റ്റാളുകൾ ആരംഭിച്ചിട്ടുണ്ട്.
എന്നാൽ ഹിന്ദുത്വ സംഘടനകൾ ഈ ആചാരത്തിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. കൂടാതെ 60ഓളം വരുന്ന ഉൽസവങ്ങളിൽ നിന്നും മുസ്ലിം വ്യാപാരികൾക്ക് വിലക്കും ഏർപ്പെടുത്തിയിരുന്നു. ഹിന്ദുത്വ സംഘടനകളുടെ ഭീഷണിയെ തുടര്‍ന്നായിരുന്നു വിലക്ക് ഏർപ്പെടുത്തിയത്. ഇന്ത്യയിലും വിദേശത്തുമുള്ള നിരവധി വിശ്വാസികളാണ് ക്ഷേത്രത്തിൽ രഥോൽസവത്തിൽ പങ്കെടുക്കാൻ എത്തുന്നത്. കോവിഡ് സാഹചര്യം പരിഗണിച്ച് കഴിഞ്ഞ രണ്ട് വർഷങ്ങളിൽ ക്ഷേത്രത്തിൽ രഥോൽസവം നടത്തിയിരുന്നില്ല.
Read also: തമിഴ്നാട് സ്വദേശിയെ ഇടിച്ചത് കെ സ്വിഫ്റ്റ് അല്ല; പിക്ക്അപ് വാൻ കണ്ടെത്തി