മനുഷ്യന് കണ്ടെത്താനാവാത്ത ആഴത്തിൽ സമുദ്രത്തിൽ സ്‌ഥിതി ചെയ്യുന്ന ഒരു നഗരം ഉണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കാനാവുമോ? ഇല്ലായിരിക്കും അല്ലെ. എന്നാൽ, അങ്ങനെയൊരു നഗരമുണ്ട്. അറ്റ്ലാന്റിക് സമുദ്രത്തിനുള്ളിൽ സ്‌ഥിതി ചെയ്യുന്ന ഒരു പർവതത്തിന് സമീപത്താണ് ശാസ്‌ത്രജ്‌ഞർ ‘ലോസ്‌റ്റ് സിറ്റി’ അല്ലെങ്കിൽ ‘നഷ്‌ടപ്പെട്ട നഗരം’ എന്ന പേര് നൽകിയിരിക്കുന്ന ഈ നഗരം സ്‌ഥിതി ചെയ്യുന്നത്.
ഉപരിതലത്തിൽ നിന്നും 700 മീറ്റർ ആഴത്തിൽ സ്‌ഥിതി ചെയ്യുന്ന ഇവിടം 25 വർഷങ്ങൾക്ക് മുൻപ് തന്നെ ഗവേഷകർ കണ്ടെത്തിയിരുന്നു. നഗരം എന്നാണ് വിശേഷിപ്പിക്കപ്പെടുന്നതെങ്കിലും ഇത് മനുഷ്യർ ജീവിച്ചിരിക്കുന്ന നഗരമല്ല. നാം ജീവിക്കുന്ന നഗരങ്ങളെ അനുസ്‌മരിപ്പിക്കുന്ന തരത്തിൽ അനേകം ഗോപുരാകൃതിയിലുള്ള ഘടനകൾ അടുക്കടുക്കായി നിലകൊള്ളുന്നതുകൊണ്ടാണ് ഗവേഷകർ ഇങ്ങനെയൊരു പേര് നൽകിയത്.
സമുദ്രത്തിനുള്ളിലെ രാസപ്രവർത്തനങ്ങളുടെ ഫലമായി ഉണ്ടാകുന്ന ധാതുക്കളാണ് വെളുത്ത നിറത്തിൽ ഗോപുരാകൃതിയിൽ കാണപ്പെടുന്നത്. 60 മീറ്റർ ഉയരമുള്ള ഗോപുരങ്ങൾ പോലും ഇവിടെയുണ്ട്. ജീവന്റെ സാന്നിധ്യമാണ് മറ്റ് സമുദ്ര ഭാഗങ്ങളിൽ നിന്നും ഈ പ്രദേശത്തെ വ്യത്യസ്‌തമാക്കുന്നത്. ജീവൻ നിലനിർത്താൻ യാതൊരു സാധ്യതയുമില്ല എന്ന് കരുതപ്പെട്ട ഒരു മേഖല സൂക്ഷ്‌മജീവികളുടെ ആവാസവ്യവസ്‌ഥയാണെന്ന കണ്ടെത്തൽ ശാസ്‌ത്രലോകത്തിന് തന്നെ അത്‌ഭുതമായിരുന്നു.
സൂര്യപ്രകാശം തീരെ ലഭിക്കാത്ത ഇടമായിട്ട് പോലും സൂക്ഷ്‌മജീവികളാൽ സമ്പന്നമാണ് ഈ സ്‌ഥലം. സമുദ്ര ജലത്തിലെ രാസപദാർഥങ്ങൾ ഭക്ഷിച്ചാണ് ഈ ജീവികൾ കഴിയുന്നത്. സാധാരണ ഗതിയിൽ സമുദ്രാന്തർഭാഗങ്ങളിൽ ഇത്തരം ജീവികളുടെ സാന്നിധ്യമുള്ളത് അഗ്‌നിപർവതങ്ങളുടെ സമീപമായിരിക്കും. എന്നാൽ, ലോസ്‌റ്റ് സിറ്റിയിലാകട്ടെ കടൽത്തട്ടിൽ നടക്കുന്ന രാസപ്രവർത്തങ്ങൾ മൂലമാണ് ചൂട് ലഭിക്കുന്നത്.
മൽസ്യം, നീരാളികൾ പോലെ സാധാരണ കണ്ടുവരുന്ന സമുദ്ര ജീവികളൊന്നും ഈ പ്രദേശത്തില്ല. ബാക്‌ടീരിയകളും ഭൂമിയിൽ മറ്റൊരിടത്തും കണ്ടെത്താൻ സാധ്യതയില്ലാത്ത വിചിത്ര സൂക്ഷ്‌മജീവികളുമാണ് ഇവിടെ അധിവസിക്കുന്നത്. ഒരു ലക്ഷത്തിൽപ്പരം വർഷങ്ങളായി ലോസ്‌റ്റ് സിറ്റി നിലനിൽക്കുന്നുണ്ടാവാം എന്നതാണ് അമ്പരപ്പിക്കുന്ന മറ്റൊരു വസ്‌തുത.
ധാതുക്കളുടെയും ചൂടിന്റെയും സാന്നിധ്യം മൂലം ഗോപുരങ്ങൾ ഇരുട്ടിൽ നേരത്ത രീതിയിൽ പ്രകാശിക്കുന്നതായി റോബോട്ടിക് ക്യാമറയുടെ സഹായത്തോടെ ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. അതേസമയം, ഭൂമിയിൽ മറ്റൊരിടത്തും കാണാനാവാത്തത്ര പ്രത്യേകതകളുള്ള ഈ ആവാസവ്യവസ്‌ഥ ഏറെ കരുതലോടെ സംരക്ഷിപ്പെടണമെന്ന് ഗവേഷകർ പറയുന്നു.
Most Read| 16ആം വയസിൽ സ്‌തനാർബുദം, ശസ്‌ത്രക്രിയ; ഒടുവിൽ ലോകസുന്ദരി കിരീടം