തൃശൂർ: പെൺകുട്ടിയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത യുവാവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് 12 വർഷം കഠിന തടവും 1.20 ലക്ഷം രൂപ പിഴയും ശിക്ഷ. കൊരുമ്പിശ്ശേരി സ്വദേശി പുതുക്കാട്ടിൽ വീട്ടിൽ വേണുഗോപാലിന്റെ മകൻ സുജിത്ത് (26) കൊല്ലപ്പെട്ട കേസിലെ ഒന്നാം പ്രതി പടിയൂർ പത്താഴക്കാട്ടിൽ വീട്ടിൽ മിഥുന് (34) ഇരിങ്ങാലക്കുട അഡീഷനൽ ജില്ലാ സെഷൻസ് ജഡ്ജി കെഎസ് രാജീവ് ആണ് ശിക്ഷ വിധിച്ചത്.
പിഴത്തുകയിൽ നിന്ന് ഒരു ലക്ഷം രൂപ സുജിത്തിന്റെ മാതാപിതാക്കൾക്ക് നൽകണം. പിഴ അടച്ചില്ലെങ്കിൽ രണ്ടര വർഷം കൂടി കഠിന തടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു. കൂടുതൽ നഷ്ടപരിഹാരത്തിന് നടപടി സ്വീകരിക്കാൻ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിക്ക് കോടതി നിർദേശം നൽകി.
2018 ജനുവരി 28നാണ് കൊലപാതകം നടന്നത്. സുജിത്തിന്റെ ഇളയമ്മയുടെ മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത സുജിത്തിനെ പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപം തടഞ്ഞ് നിർത്തി, മിഥുൻ തന്റെ ഓട്ടോറിക്ഷയിൽ സൂക്ഷിച്ചിരുന്ന ഇരുമ്പ് പൈപ്പ് കൊണ്ട് സുജിത്തിന്റെ തലക്കടിക്കുക ആയിരുന്നു. ഗുരുതരമായി പരിക്കേറ്റ സുജിത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രണ്ട് ദിവസത്തിന് ശേഷം മരിച്ചു.
പ്രതിയെ രക്ഷപെടാൻ സഹായിച്ചതിന് മറ്റൊരാളെ കേസിൽ പ്രതി ചേർത്തിരുന്നെങ്കിലും ഇയാളെ വിട്ടയച്ചു. വിചാരണ സമയത്ത് സാക്ഷികളെ ഭീഷണിപ്പെടുത്തിയതിന് മിഥുനിന്റെ ജാമ്യം റദ്ദാക്കിയിരുന്നു. തുടർന്ന് വേഗത്തിൽ വിചാരണ പൂർത്തിയാക്കി ശിക്ഷ വിധിക്കുകയായിരുന്നു.
Malabar News: രണ്ടാം വാർഷികത്തിന്റെ നിറവിൽ കണ്ണൂർ വിമാനത്താവളം




































