സുമാത്ര: ഒറ്റ രാത്രികൊണ്ട് കോടീശ്വരനായതിന്റെ അമ്പരപ്പിലാണ് ഇന്തോനേഷ്യയിലെ സുമാത്ര സ്വദേശിയായ 33കാരന്‍. വീടിന്റെ മേല്‍ക്കൂരയില്‍ പതിച്ച ‘ഉല്‍ക്ക’യാണ് സുമാത്രയില്‍ ശവപ്പെട്ടി നിര്‍മ്മാണ സ്‌ഥാപനം നടത്തുന്ന ജോസുവ ഹുത്തഗലംഗിനെ ഒറ്റ രാത്രികൊണ്ട് കോടീശ്വരനാക്കിയത്.
തന്റെ വീടിന് പുറത്ത് ജോലി ചെയ്യുന്നതിനിടെ ഇക്കഴിഞ്ഞ ഓഗസ്‌റ്റിലാണ് ഹുത്തഗലംഗിന്റെ വീടിന് മുകളില്‍ 2.1 കിലോഗ്രാം ഭാരം വരുന്ന ഉല്‍ക്ക പതിച്ചത്. വീടിന് മുന്‍വശത്തുള്ള വരാന്തയുടെ മേല്‍ക്കൂര തകര്‍ന്നത് കണ്ട ഹുത്തഗലംഗിന് ആദ്യം കാര്യമൊന്നും മനസിലായില്ല. വളരെ ഉച്ചത്തില്‍ ശബ്‌ദം കേട്ടുവെന്നും വീടിന്റെ ചില ഭാഗങ്ങളില്‍ വിറയല്‍ അനുഭവപ്പെട്ടുവെന്നും ഇദ്ദേഹം പറയുന്നു. പിന്നീട് എന്താണ് സംഭവിച്ചതെന്ന് നോക്കാന്‍ ടെറസിന് മുകളില്‍ കയറി പരിശോധിച്ചപ്പോഴാണ് ഉല്‍ക്ക ശില കണ്ടതെന്നും ചുട്ടുപൊള്ളുന്ന ചൂടായിരുന്നു അതിനെന്നും ഒരു ടിവി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഹുത്തഗലംഗ് പറഞ്ഞു.
പിന്നീട് അദ്ദേഹം ഉല്‍ക്കാശിലയുടെ ഫോട്ടോകള്‍ ഫേസ്ബുക്കിലും മറ്റും പോസ്‌റ്റ് ചെയ്യുകയായിരുന്നു. ഇതോടെയാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്. ഏകദേശം 9 കോടിയിലേറെ രൂപക്കാണ് ഉല്‍ക്കശിലകള്‍ ശേഖരിക്കുന്ന അമേരിക്കയിലെ ജേര്‍ഡ് കോളിന്‍സ് എന്നയാള്‍ക്ക് ഹുത്തഗലംഗ് ഉല്‍ക്ക വിറ്റത്. അതേസമയം അരിസോണ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ സെന്റര്‍ ഫോര്‍ മെറ്റോറൈറ്റ് സ്‌റ്റഡീസിലെ സഹപ്രവര്‍ത്തകന്‍ ജയ് പിയാറ്റെക്കിന് കോളിന്‍സ് ഇത് വീണ്ടും വിറ്റതായും റിപ്പോര്‍ട്ടുണ്ട്.
അത്യപൂര്‍വ ഇനമായ കാര്‍ബണേഷ്യസ് കോണ്ട്രൈറ്റ് ആണ് ഹുത്തഗലംഗിന്റെ മേല്‍ക്കൂരയില്‍ പതിച്ച ഉല്‍ക്കാശില. ഏതാണ്ട് 450ല്‍ പരം വര്‍ഷങ്ങള്‍ പഴക്കമുള്ളതായി കണക്കാക്കപ്പെടുന്ന ഇവക്ക് ഏറെ കാന്തിക ഗുണങ്ങളുമുണ്ട്.
Read Also: ലോകത്തിലെ ഏറ്റവും നീളം കൂടിയ ആണ്‍കുട്ടി; ചൈനയിലെ 14കാരന്‍
ഉല്‍ക്കക്ക് ഏകദേശം 9 കോടിയില്‍ അധികം തുക ലഭിച്ചതായി ഹുത്തഗലംഗ് സൂചന നല്‍കുന്നുണ്ടെങ്കിലും കൃത്യമായ തുക ഇതുവരെയും അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല. ഏതായലും ലഭിച്ച തുക കൊണ്ട് തന്റെ ഗ്രാമത്തില്‍ ഒരു ആരാധനാലയം പണിയാനാണ് ഹുത്തഗലംഗ് ഇപ്പോള്‍ ആലോചിക്കുന്നത്.







































