കൊച്ചി: വാഹനാപകടത്തിൽ കൊല്ലപ്പെട്ട മുൻ മിസ് കേരള ജേതാക്കൾക്ക് ശീതള പാനീയത്തിൽ ലഹരി കലർത്തി നൽകിയെന്ന സംശയം ബലപ്പെടുന്നു. ഇവരുടെ രക്‌തസാമ്പിളുകൾ ശേഖരിക്കാത്തത് അന്വേഷണത്തിന് തിരിച്ചടിയാകും. മോഡലുകളെ കബളിപ്പിച്ച് ലഹരി കഴിപ്പിച്ചെന്ന് അന്വേഷണ സംഘത്തിന് ലഭിച്ച രഹസ്യസന്ദേശം സ്‌ഥിരീകരിക്കാൻ ഡിജെ പാർട്ടി നടന്ന ഫോർട്ട് കൊച്ചിയിലെ നമ്പർ 18 ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ വീണ്ടെടുക്കണം.
മിസ് കേരള അൻസി കബീറും ഹോട്ടൽ ഉടമയായ റോയിയും തമ്മിൽ നേരത്തെ പരിചയമുണ്ട്. അൻസിയുടെ അമ്മയും റോയിയും നഗരത്തിലെ ഒരേ കോളേജിലെ പൂർവ വിദ്യാർഥികളാണ്. മിസ് കേരള ജേതാവായപ്പോൾ അൻസിയെ ക്ഷണിച്ചുവരുത്തി റോയിയുടെ നേതൃത്വത്തിൽ അനുമോദിച്ചിരുന്നു. ഈ മുൻ പരിചയമാണ് അൻസിയും സുഹൃത്തുക്കളും റോയിയുടെ ഹോട്ടലിലെ പാർട്ടിയിൽ പങ്കെടുക്കാൻ ഇടയാക്കിയത്.
ഹോട്ടലിലെ ലഹരി പാർട്ടികൾക്ക് നേതൃത്വം നൽകിയിരുന്ന സൈജു തങ്കച്ചന്റെ സാന്നിധ്യമാണ് വിനയായതെന്നാണ് അനുമാനം. ഡാൻസ് പാർട്ടിക്ക് ശേഷം രഹസ്യമായി നടക്കുന്ന ലഹരി പാർട്ടിയിലേക്ക് സൈജു ഇവരെ ക്ഷണിച്ചെങ്കിലും വഴങ്ങിയില്ല. ഇതിന് ശേഷമാണ് യുവതികൾക്ക് ഒപ്പമുണ്ടായിരുന്ന ആഷിഖും അബ്‌ദുൽ റഹ്‍മാനും കൂടിയ അളവിൽ മദ്യം വിളമ്പി സൽക്കരിക്കാൻ തുടങ്ങിയതെന്നാണ് പോലീസിന്റെ റിമാൻഡ് റിപ്പോർട്. ഇതിനിടെ യുവതികൾക്ക് ശീതള പാനീയത്തിൽ അമിത അളവിൽ ലഹരി കലർത്തി നൽകിയെന്ന രഹസ്യവിവരമാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്.
Also Read: ‘മുല്ലപ്പെരിയാറിൽ വിള്ളലുകളില്ല, ജലനിരപ്പ് 142 അടിയാക്കണം’; തമിഴ്‌നാട് സുപ്രീം കോടതിയില്‍