മോഹന്‍ലാല്‍ കേന്ദ്രകഥാപാത്രമാക്കി എത്തുന്ന പുതിയ ചിത്രം ‘ആറാട്ട്’ ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ‘നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട്’ എന്നാണ് ചിത്രത്തിന്റെ മുഴുവന്‍ പേര്. ബി ഉണ്ണികൃഷ്ണന് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ മാസം 23 ആം തീയതി ആരംഭിച്ചിരുന്നു.
തന്റെ കറുത്ത ബെന്‍സ് കാറില്‍ നിന്നും പുറത്തേക്കിറങ്ങുന്ന മോഹന്‍ലാലിന്റെ നെയ്യാറ്റിന്‍കര ഗോപന് എന്ന കഥാപാത്രത്തിന്റെ പിന്നില്‍ നിന്നുള്ള ഷോട്ടാണ് പോസ്റ്ററില്‍ കാണിക്കുന്നത്. ചിത്രത്തില്‍ ഏറെ പ്രാധാന്യത്തോടെ അവതരിപ്പിക്കുന്ന ഒന്നാണ് ഈ വിന്റേജ് ബെന്‍സ് കാറെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നത്. നെയ്യാറ്റിന്‍കരയില്‍ നിന്നും പ്രത്യേക ലക്ഷ്യത്തോടെ പാലക്കാടെത്തുന്ന ഗോപനും, തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തില്‍ ചര്‍ച്ച ചെയ്യുന്നത്. ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്ന കാര്‍ നമ്പര്‍ മോഹന്‍ലാല്‍ ആരാധകര്‍ക്ക് പ്രിയപ്പെട്ട നമ്പറാണ്. രാജാവിന്റെ മകന് എന്ന സിനിമയില്‍ പ്രതിപാദിക്കുന്ന ‘2255’ എന്ന ഫോണ്‍ നമ്പറാണ് ചിത്രത്തില്‍ ഗോപന്റെ കാര്‍ നമ്പറായി ഉപയോഗിച്ചിരിക്കുന്നത്.
ഉദയകൃഷ്ണയാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്. പുലിമുരുകന് എന്ന ചിത്രത്തിന് ശേഷം ഉദയകൃഷ്ണ രചിക്കുന്ന മോഹന്‍ലാല്‍ കഥാപാത്രമാണ് നെയ്യാറ്റിന്‍കര ഗോപന്. ചിത്രത്തില്‍ ശ്രദ്ധ ശ്രീനാഥ് ആണ് നായികയായി എത്തുന്നത്. കൂടാതെ നെടുമുടി വേണു, സായ്കുമാർ, സിദ്ദിഖ്, വിജയരാഘവന്, സ്വാസിക, ജോണി ആന്റണി, ഇന്ദ്രന്‍സ്, നന്ദു, ഷീല, മാളവിക, രചന നാരായണന്‍കുട്ടി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
Read also : വിക്രമും മകനും ആദ്യമായി ഒന്നിക്കുന്ന ‘ചിയാന്‍ 60’; ചിത്രീകരണം ഫെബ്രുവരിയില്‍







































