പാലക്കാട്: കോവിഡ് മൂന്നാം തരംഗ സാധ്യത മുന്നിൽകണ്ട് ജില്ലയിലെ ഓക്‌സിജൻ വാർ റൂം പ്രവർത്തനം പുനരാംഭിച്ചു. സംസ്‌ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ഉത്തരവ് പ്രകാരമാണ് ഓക്‌സിജൻ വാർ റൂം പ്രവർത്തനം പുനരാരംഭിച്ചതെന്ന് കളക്‌ടർ മൃൺമയി ജോഷി അറിയിച്ചു. കോവിഡ് വ്യാപനം വർധിക്കുന്നത് അനുസരിച്ച് ജില്ലയിലെ ആശുപത്രികളിൽ ഓക്‌സിജൻ ലഭ്യത ഉറപ്പുവരുത്താനാണ് നപടിയെന്ന് കളക്‌ടർ പറഞ്ഞു.
ചെമ്പൈ സംഗീത കോളേജിലാണ് ഓക്‌സിജൻ വാർ റൂം പ്രവർത്തിക്കുന്നത്. കോളേജിലെ ഡിസ്‌ട്രിക്‌ട് പ്രോഗ്രാം മാനേജമെന്റ് യൂണിറ്റുമായി (ഡിപിഎംഎസ്‌യു) ചേർന്നാണ് വാർ റൂമിന്റെ പ്രവർത്തനം. സബ് കളക്‌ടർ ഡോ.ബൽപ്രീത് സിങ്ങിനാണ് വാർ റൂം പ്രവർത്തനത്തിന്റെ ചുമതല. കൂടാതെ, നോഡൽ ഓഫീസറായ ഡോ. മേരി ജ്യോതി ഉൾപ്പടെ വിവിധ വകുപ്പുകളിൽ ഉള്ള ഒമ്പതംഗ സമിതിയെയും വാർ റൂമിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ ചുമതലപ്പെടുത്തിയിട്ടുണ്ട്.
സമിതി അംഗങ്ങൾ എല്ലാ ദിവസവും ഓക്‌സിജൻ ലഭ്യത സംബന്ധിച്ച വിവരങ്ങൾ കോവിഡ് ജാഗ്രതാ പോർട്ടലിൽ ഉൾപ്പെടുത്തണമെന്നും, കൂടാതെ സർക്കാരിനും ബന്ധപ്പെട്ട അധികൃതർക്കും വിവരങ്ങൾ കൈമാറണമെന്നും കളക്‌ടർ നിർദ്ദേശിച്ചു. ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ഓക്‌സിജന്റെ ആവശ്യകത വർധിക്കുമെന്നാണ് വിലയിരുത്തൽ.
Read Also: സംസ്‌ഥാനത്ത് വാക്‌സിന്‍ ക്ഷാമം; 6 ജില്ലകളില്‍ കോവിഷീല്‍ഡില്ല







































