പാലക്കാട്: കൃഷിയില്‍നിന്നും വൈദ്യുതിയില്‍ നിന്നും ഒരേ സമയം വരുമാനം ഉറപ്പാക്കുന്ന പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. ചിറ്റൂര്‍ കമ്പാലത്തറ ഫാർമേഴ്‌സ് സൊസൈറ്റി പാടശേഖരത്തില്‍ സോളാര്‍ വൈദ്യുതി ഉല്‍പാദിപ്പിച്ചാണ് പദ്ധതിയുടെ ആരംഭം. സംസ്‌ഥാനത്ത് തന്നെ ആദ്യമായാണ് ഇത്തരത്തില്‍ പദ്ധതി നടപ്പാക്കുന്നത്.
കാര്‍ഷിക വളവുകളില്‍ നിന്നുള്ള വരുമാനം മോശമായാലും വൈദ്യുതി ഉല്‍പ്പാദനം കൊണ്ട് കുറവ് നികത്താന്‍ കഴിയുമെന്ന പ്രതീക്ഷയാണ് പദ്ധതിക്ക് പിന്നില്‍. കൃഷിയിടത്തിലെ പല ഭാഗങ്ങളില്‍ സോളാര്‍പാനല്‍ സ്‌ഥാപിച്ച് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുകയാണ് ലക്ഷ്യം.
ഇത് ഉപയോഗിച്ചു കൊണ്ട് കൃഷിയിടത്തിലെ ജലസേചന പമ്പുകള്‍ പ്രവര്‍ത്തിപ്പിക്കാം. 100 ശതമാനം സബ്‌സിഡിയോടെ സര്‍ക്കാര്‍ ഏജന്‍സിയായ അനര്‍ട്ട് ആണ് സൗരോര്‍ജ പ്‌ളാന്റ് സ്ഥാപിച്ചത്. 25 കിലോ വാട്ട് ശേഷിയുള്ള പാനലില്‍ നിന്നും ലഭിക്കുന്ന വൈദ്യുതി കൃഷിയിടത്തിലെ ആവശ്യം കഴിഞ്ഞു ബാക്കി വരുന്നത് കെഎസ്ഇബി ഗ്രിഡിലേക്ക് കൈമാറും.
യൂണിറ്റിന് 3.90 രൂപയാണ് ഇതിനു ലഭിക്കുക. ദിവസം 100 മുതല്‍ 120 വരെ യൂണിറ്റ് വരെ വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. പച്ചക്കറി പാടങ്ങളില്‍ പദ്ധതി നടപ്പാക്കാനാണ് തീരുമാനം. പദ്ധതി വിജയമായാല്‍ സംസ്‌ഥാനത്ത് മുഴുവന്‍ വ്യാപിപ്പിക്കാനാണ് തീരുമാനം.
Read Also: കോവിഡ് രോഗികള്‍ക്ക് കൂട്ടിരിപ്പുകാരെ അനുവദിച്ച് ആരോഗ്യവകുപ്പ്







































