ഫറോക്: നല്ലളത്ത് ഒരേ സമയം 6 വാഹനങ്ങൾ ചാർജ് ചെയ്യാൻ ശേഷിയുള്ള ഇലക്‌ട്രിക് ചാർജ് സ്‌റ്റേഷൻ ഉദ്ഘാടനം ഒക്റ്റോബർ 16-ന്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം നിർവഹിക്കുന്നത്. ജില്ലയിൽ ദേശീയ പാതയോരത്ത് കൂടുതൽ ചാർജ് സ്‌റ്റേഷനുകൾ സ്ഥാപിക്കാനുള്ള കെഎസ്ഇബിയുടെ പദ്ധതിയുടെ ഭാഗമായാണ് ഇത്.
ആവശ്യമായ ഉപകരണങ്ങൾ സ്ഥാപിച്ച് സ്‌റ്റേഷൻ കഴിഞ്ഞ ദിവസം പ്രവർത്തന ക്ഷമമാക്കി. നല്ലളം സബ് സ്‌റ്റേഷൻ വളപ്പിലാണ് അത്യാധുനിക സൗകര്യങ്ങളോടെയുള്ള ചാർജിങ് സ്‌റ്റേഷൻ ഒരുക്കിയത്. ഇലക്‌ട്രിക് വാഹനങ്ങൾ കൂടുതലായി നിരത്തിലിറങ്ങുന്ന സാഹചര്യത്തിൽ ചാർജിങ് സ്‌റ്റേഷനുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു.
20 കിലോവാട്ട്,60 കിലോവാട്ട് എന്നിങ്ങനെയുള്ള അതിവേഗ ചാർജിങ് സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. അടുത്ത ഘട്ടത്തിൽ സൗരോർജം ഉപയോഗിച്ചുള്ള ചാർജിങ് നടപ്പിലാക്കാനാണ് കെഎസ്ഇബിയുടെ ശ്രമം. നിലവിൽ വൈദ്യുതിയാണ് ഉപയോഗിക്കുന്നത്. ജില്ലയിൽ 20 ഇടങ്ങളിലാണ് ചാർജിങ് സംവിധാനം ഒരുക്കാൻ കെഎസ്ഇബി തീരുമാനിച്ചിരിക്കുന്നത്.