കണ്ണൂർ: അയൽ വീട്ടിൽ നടന്ന തർക്കത്തിൽ ഭാര്യ ഇടപെട്ടതിനെ തുടർന്ന് ഭർത്താവിന്റെ ചായക്കട അയൽവാസി അടിച്ച് തകർത്തു. ഇരിട്ടിയിലാണ് സംഭവം. നേരംപോക്ക് റോഡിലെ ദേവദാസ് നമ്പീശന്റെ ഉടമസ്ഥതയിലുള്ള ചായക്കടയാണ് അടിച്ച് തകർത്തത്. വള്ളുവനാട് സ്വദേശി ഹരീഷാണ് ചായക്കട തകർത്തത്. സംഭവത്തിൽ കടയിലെ ചില്ലുകൾ കൊണ്ട് സാരമായി മുറിവേറ്റ ഇയാളെ കണ്ണൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഹരീഷിന്റെ അയൽവാസിയായ അരുൺകുമാറാണ് കുറച്ച് മാസമായി ദേവദാസ് നമ്പീശന്റെ കട വാടകക്ക് എടുത്ത് നോക്കി നടത്തുന്നത്. ഹരീഷ് വീട്ടിൽ ഭാര്യയുമായി വഴക്കിടുന്നതിനിടയിൽ അരുൺകുമാറിന്റെ ഭാര്യ അയൽ പക്കത്തുള്ളവർക്ക് ശല്യമുണ്ടാക്കാതെ ശബ്ദം കുറച്ച് സംസാരിക്കണമെന്ന് വിളിച്ചു പറഞ്ഞിരുന്നു. ഇതാണ് ഹരീഷിനെ ചൊടിപ്പിച്ചത്. തുടർന്ന് ഇയാൾ ചായക്കടയിൽ എത്തി ചില്ലുകൾ അടിച്ച് തകർക്കുകയും ഫൈബർ സ്റ്റൂൾ ഉപയോഗിച്ച് മറ്റ് ഉപകരണങ്ങൾ നശിപ്പിക്കുകയും ചെയ്തു. കൈയിൽ സാരമായി മുറിവേറ്റ ഹരീഷ് പിന്നീട് തളർന്നു വീഴുകയായിരുന്നു.
ഹരീഷ് നേരത്തേ ഇയാളുടെ ഭാര്യാസഹോദരന്റെ വീടും അടിച്ച് തകർത്തിരുന്നു. സംഭവത്തിൽ കടയുടമയുടെ പരാതിയിൽ ഇരിട്ടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Also Read: വിസ്മയ കേസ്; കിരൺ കുമാറിന് ജാമ്യമില്ല, ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരും






































