കൊല്ലം: എട്ടാം ക്ളാസ് വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തിന്റെ പശ്‌ചാത്തലത്തിൽ തേവലക്കര ബോയ്‌സ് സ്‌കൂൾ പ്രധാനാധ്യാപികയായ എസ് സുജയ്‌ക്ക് സസ്‌പെൻഷൻ. പ്രധാനാധ്യാപികയെ സസ്‌പെൻഡ് ചെയ്യാൻ മാനേജ്മെന്റിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മാനേജ്മെന്റ് നടപടി എടുക്കാത്തപക്ഷം സർക്കാർ സസ്‌പെൻഡ് ചെയ്യുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി രാവിലെ പറഞ്ഞിരുന്നു.
പിന്നാലെയാണ് നടപടി. സ്‌കൂളിൽ സുരക്ഷ ഉറപ്പുവരുത്തുന്നതിൽ പ്രധാനാധ്യാപികയായ സുജയുടെ ഭാഗത്ത് വീഴ്‌ചയുണ്ടായി എന്നാണ് മാനേജർ ആർ. തുളസീധരൻപിള്ള പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്. സ്‌കൂളിലെ മുതിർന്ന അധ്യാപികയായ ജി. മോളിക്കാണ് പകരം ചുമതല. സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് മാനേജ്മെന്റിനോട് വിശദീകരണം തേടിയിട്ടുണ്ട്.
മൂന്ന് ദിവസത്തിനകം മാനേജർ മറുപടി നൽകണമെന്നാണ് മന്ത്രി വി ശിവൻകുട്ടിയുടെ നിർദ്ദേശം. മാനേജ്‌മെന്റിനെതിരെ നടപടിയെടുക്കാൻ സർക്കാരിന് അധികാരമുണ്ടെന്നും മന്ത്രി പറഞ്ഞിരുന്നു. അതിനിടെ, മിഥുന്റെ കുടുംബത്തിന് കെഎസ്ഇബിയുടെ സമാശ്വാസ ധനസഹായമായ അഞ്ചുലക്ഷം രൂപയുടെ ചെക്ക് കൈമാറി.
തേവലക്കര ബോയ്‌സ് സ്‌കൂളിൽ ഷോക്കേറ്റ് മരിച്ച എട്ടാം ക്ളാസ് വിദ്യാർഥിയായ മിഥുന്റെ സംസ്‌കാരം നാളെ നടക്കും. രാവിലെ പത്തുമുതൽ സ്‌കൂളിൽ പൊതുദർശനം ഉണ്ടാകും. വിദേശത്തുള്ള അമ്മ സുജ നാളെ നാട്ടിലെത്തും. വൈകിട്ടോടെയാകും സംസ്‌കാരം. കുവൈത്തിൽ ഹോം നഴ്‌സായി ജോലി ചെയുന്ന സുജ തൊഴിലുടമകൾക്കൊപ്പം തുർക്കിയിലേക്ക് പോയിരിക്കുകയാണ്. മൃതദേഹം ശാസ്‌താംകോട്ട താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Most Read| ചരിത്രം കുറിച്ച് ആസ്‌ത പൂനിയ; നാവികസേനയിലെ ആദ്യ വനിതാ ഫൈറ്റർ പൈലറ്റ്