തിരുവനന്തപുരം: രാജ്യാന്തര വിമാനത്താവളത്തിലെ എമിഗ്രേഷൻ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്‌ഥയായ മേഘയെ (25) പേട്ടയ്‌ക്ക് സമീപം ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്. മേഘയുടെ സഹപ്രവർത്തകനായ മലപ്പുറം സ്വദേശിയുടെ വിവരങ്ങൾ പോലീസ് തേടി.
സഹപ്രവർത്തകനായ ഐബി ഉദ്യോഗസ്‌ഥൻ സുകാന്ത് കാരണമാണ് മകൾ മരിച്ചതെന്ന് മേഘയുടെ അച്ഛൻ ആരോപിച്ചിരുന്നു. വിവാഹ വാഗ്‌ദാനം നൽകി മലപ്പുറം എടപ്പാൾ സ്വദേശി സുകാന്ത് മേഘയെ സാമ്പത്തികമായി ചൂഷണം ചെയ്‌തെന്നാണ് കുടുംബത്തിന്റെ ആരോപണം. സുകാന്തിന്റെ വിവരങ്ങൾ തേടി പോലീസ് ഇന്ന് ഐബിക്ക് കത്ത് നൽകും.
സുകാന്തിന്റെ അവധിയടക്കമുള്ള വിവരങ്ങൾ തേടിയാണ് പോലീസ് ഐബിയെ സമീപിക്കുന്നത്. സുകാന്തിനെ തേടി പോലീസ് കഴിഞ്ഞദിവസം മലപ്പുറത്തെ വീട്ടിൽ എത്തിയിരുന്നു. എന്നാൽ, ഇയാളെ കണ്ടെത്താനായില്ല. മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആണെന്നും ഉദ്യോഗസ്‌ഥൻ മുൻകൂർ ജാമ്യത്തിനായി ശ്രമം ആരംഭിച്ചതായി സൂചനയുണ്ടെന്നുമാണ് പോലീസ് പറയുന്നത്.
സുകാന്തിനെ കസ്‌റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യാനാണ് പോലീസിന്റെ നീക്കം. ഒളിവിൽപ്പോയ സുകാന്തിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. മേഘയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും ശേഖരിക്കുന്നുണ്ട്. മൊബൈൽ ഫോണിന്റെ ശാസ്‌ത്രീയ പരിശോധനാ ഫലവും നിർണായകമാണ്. ഐബി നേരത്തെ സുകാന്തിന്റെ മൊഴിയെടുത്തിരുന്നു.
ജോലിയിൽ നിന്ന് മാറ്റിനിർത്തി ആഭ്യന്തര അന്വേഷണം നടക്കുന്നുണ്ടെന്നാണ് ഐബി നൽകുന്ന വിശദീകരണം. തിരുവനന്തപുരം വിമാനത്താവളത്തിലെ എമിഗ്രേഷൻ ഇന്റലിജൻസ് ബ്യൂറോയിൽ ജോലി ചെയ്‌തിരുന്ന പത്തനംതിട്ട സ്വദേശിനിയായ മേഘയെ മാർച്ച് 24ന് രാവിലെയാണ് പേട്ടയ്‌ക്കും ചാക്കയ്‌ക്കും ഇടയിലെ ട്രാക്കിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടത്.
നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് ഇന്നലെ രാവിലെ വിമാനത്താവളത്തിൽ നിന്നിറങ്ങിയതായിരുന്നു മേഘ. ഫോണിൽ സംസാരിച്ച് ട്രാക്കിലൂടെ നടക്കുകയായിരുന്ന മേഘ ട്രെയിൻ വരുന്നത് കണ്ട് പെട്ടെന്ന് ട്രാക്കിന് കുറുകെ തലവെച്ച് കിടക്കുകയായിരുന്നു എന്നാണ് ലോക്കോ പൈലറ്റ് നൽകിയ വിവരം. തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ജയന്തി ജനത എക്‌സ്‌പ്രസാണ് ഇടിച്ചത്.
പത്തനംതിട്ട അതിരുങ്കൽ കാരയ്‌ക്കാക്കുഴി പൂഴിക്കാട് വീട്ടിൽ റിട്ട. ഗവ. ഐടിഐ പ്രിൻസിപ്പൽ മധുസൂദനന്റെയും പാലക്കാട് കലക്‌ടറേറ്റ് ജീവനക്കാരി നിഷയുടെയും ഏക മകളാണ് മേഘ. ഫൊറൻസിക് സയൻസ് കോഴ്‌സ് പൂർത്തിയാക്കിയ മേഘ ഒരുവർഷം മുമ്പാണ് എമിഗ്രേഷൻ ഐബിയിൽ ജോലിയിൽ പ്രവേശിച്ചത്. കാരയ്‌ക്കാക്കുഴി ക്ഷേത്രത്തിലെ ഉൽസവത്തിൽ പങ്കെടുക്കാൻ ഒരുമാസം മുമ്പാണ് മേഘ അവസാനമായി നാട്ടിലെത്തിയത്.
Most Read| ഒറ്റ ദിവസം ആറ് ഗണിത റെക്കോർഡുകൾ; കണക്കിൽ അമ്മാനമാടുന്ന 14 വയസുകാരൻ