തിരുവനന്തപുരം: ഐടി ജീവനക്കാരിയെ ബലാൽസംഗം ചെയ്ത കേസിലെ പ്രതിക്കായുള്ള അന്വേഷണം ഊർജിതമാക്കി കഴക്കൂട്ടം പോലീസ്. സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് നടക്കുന്നത്. സിസിടിവി പരിശോധനയിൽ നിന്ന് പ്രതിയെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. കഴക്കൂട്ടം അസി. കമ്മീഷണറുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ രൂപീകരിച്ചാണ് അന്വേഷണം നടക്കുന്നത്.
വീടിന് പുറത്ത് അജ്ഞാതനായ ഒരാളുടെ സാന്നിധ്യം സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പോലീസ് ഉറപ്പിച്ചു. വ്യാഴാഴ്ച രാത്രിയാണ് തലസ്ഥാനത്തെ ഞെട്ടിച്ച സംഭവം നടന്നത്. ഹോസ്റ്റൽ മുറിയിൽ ഉറങ്ങിക്കിടന്ന 25 വയസുള്ള ഐടി ജീവനക്കാരിയെ മുറിയിൽ കയറി പീഡിപ്പിച്ചുവെന്നാണ് കേസ്. പെൺകുട്ടി താമസിക്കുന്ന ഹോസ്റ്റൽ മുറിയിൽ സിസിടിവി ഇല്ല.
അതിനാൽ സമീപത്തെ സിസിടിവികൾ പരിശോധിച്ചാണ് അന്വേഷണം. അടുത്തുള്ള വീടുകളിൽ കൂടി ഒരാൾ ഹോസ്റ്റൽ കെട്ടിടത്തിന് അടുത്തേക്ക് വരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇയാളെ തിരിച്ചറിയാനുള്ള ശ്രമമാണ് പോലീസ് നടത്തുന്നത്. ടെക്നോപാർക്ക് പരിസരത്ത് ഹോസ്റ്റലുകളിൽ താമസിക്കുന്ന ഐടി ജീവനക്കാർ ആകെ സംഭവത്തിന്റെ ഞെട്ടലിലാണ്.
വ്യാഴാഴ്ച രാത്രിയാരുന്നു സംഭവം. മുറിയിൽ പെൺകുട്ടി ഒറ്റയ്ക്കായിരുന്നു. വാതിൽ തള്ളിത്തുറന്നെത്തിയ ആളാണ് ഉപദ്രവിക്കാൻ ശ്രമിച്ചത്. ഉറക്കത്തിലായിരുന്ന പെൺകുട്ടി സംഭവം തിരിച്ചറിഞ്ഞു ബഹളം വെച്ചതോടെ ഇയാൾ ഓടിപ്പോവുകയായിരുന്നു. ഭയന്നുപോയ പെൺകുട്ടി വെള്ളിയാഴ്ച രാവിലെയാണ് ഹോസ്റ്റൽ അധികൃതരെ വിവരമറിയിച്ചത്. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു.
Most Read| ഇലകളില്ല, തണ്ടുകളില്ല; ഭൂമിക്കടിയിൽ വളരുന്ന അപൂർവയിനം പൂവ്






































