മുംബൈ: കുട്ടനാട് എംഎൽഎ തോമസ് കെ തോമസിനെ എൻസിപി സംസ്‌ഥാന അധ്യക്ഷനായി തിരഞ്ഞെടുത്തു. മുംബൈയിൽ വെച്ച് പാർട്ടി ദേശീയ അധ്യക്ഷൻ ശരത് പവാറുമായി പിസി ചാക്കോയും എകെ ശശീന്ദ്രനും തോമസ് കെ തോമസും നടത്തിയ ചർച്ചയിലാണ് തീരുമാനം. സംസ്‌ഥാന അധ്യക്ഷ സ്‌ഥാനത്ത് നിന്ന് രാജിവെച്ച പിടി ചാക്കോ ദേശീയ വർക്കിങ് പ്രസിഡണ്ടായി തുടരും.
25ന് കേന്ദ്ര നിരീക്ഷകൻ സംസ്‌ഥാനത്തെത്തിയ ശേഷം ജില്ലാ പ്രസിഡണ്ടുമാരെയും സംസ്‌ഥാന നേതാക്കളെയും കണ്ട് ചർച്ച നടത്തും. ഇതിനുശേഷമാകും ഔദ്യോഗിക പ്രഖ്യാപനം. എകെ ശശീന്ദ്രനെ പിന്തുണയ്‌ക്കുന്നവരിൽ നിന്നുള്ള ശക്‌തമായ സമ്മർദ്ദത്തെ തുടർന്നാണ് എൻസിപി സംസ്‌ഥാന പ്രസിഡണ്ട് സ്‌ഥാനത്ത് നിന്ന് പിസി ചാക്കി രാജിവെച്ചത്. കഴിഞ്ഞ ബുധനാഴ്‌ചയായിരുന്നു അദ്ദേഹം രാജിവെച്ചത്.
സംസ്‌ഥാന കൗൺസിൽ യോഗം വിളിപ്പിച്ചു ചാക്കോയെ പ്രസിഡണ്ട് സ്‌ഥാനത്ത് നിന്ന് നീക്കാനുള്ള പ്രമേയം കൊണ്ടുവരാനുള്ള ശ്രമത്തിലായിരുന്നു ശശീന്ദ്രൻ വിഭാഗം. അതിനായി അവർ ഒപ്പുശേഖരണം നടത്തിക്കൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് ചാക്കോ അപ്രതീക്ഷിതമായി രാജി സമർപ്പിച്ചത്. മന്ത്രി സ്‌ഥാനത്ത് നിന്ന് ശശീന്ദ്രനെ മാറ്റി പകരം തോമസ് കെ തോമസിനെ വെക്കാനുള്ള ചാക്കോയുടെ നീക്കങ്ങളാണ് അദ്ദേഹത്തിന് തന്നെ തിരിച്ചടിയായത്.
മന്ത്രിമാറ്റത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ ശക്‌തമായ നിലപാടെടുത്തതോടെ ചാക്കോയ്‌ക്ക് പാർട്ടിയിൽ പിടിച്ചുനിൽക്കാൻ പറ്റാതായി. ഒടുവിൽ നിലനിൽപ്പിനായി തോമസ് കെ തോമസും ശശീന്ദ്രൻ വിഭാഗത്തിനൊപ്പം ചേർന്നതോടെ കോൺഗ്രസിൽ നിന്നെത്തിയ ചാക്കോ പാർട്ടിയിൽ പൂർണമായി ഒറ്റപ്പെട്ടു.
Most Read| 124ആം വയസിലും 16ന്റെ ചുറുചുറുക്കിൽ ക്യൂ ചൈഷി മുത്തശ്ശി