തിരുവനന്തപുരം: ഒടുവിൽ തീരുമാനമായി. മന്ത്രി സ്‌ഥാനത്ത് നിന്ന് എകെ ശശീന്ദ്രൻ മാറുമെന്ന് എൻസിപി സംസ്‌ഥാന അധ്യക്ഷൻ പിസി ചാക്കോ പ്രഖ്യാപിച്ചു. കുട്ടനാട് എംഎൽഎ തോമസ് കെ തോമസ് മന്ത്രിയാകും. ദേശീയ അധ്യക്ഷൻ ശരത് പവാർ ഇക്കാര്യത്തിൽ തീരുമാനമെടുത്തിട്ടുണ്ട്. ശശീന്ദ്രനും തോമസിനുമൊപ്പം അടുത്ത മാസം മൂന്നിന് മുഖ്യമന്ത്രിയെ കാണുമെന്നും പിസി ചാക്കോ മാദ്ധ്യമങ്ങളോട് പറഞ്ഞു.
പിസി ചാക്കോ, മന്ത്രി എകെ ശശീന്ദ്രൻ, തോമസ് കെ തോമസ് എംഎൽഎ എന്നിവർ തലസ്‌ഥാനത്ത് മുഖ്യമന്ത്രിയെ കാണാനിരുന്നതാണെങ്കിലും പിണറായിയുടെ തിരക്ക് മൂലം അതിന് സാധിച്ചില്ല. പിബി യോഗത്തിന് ശേഷം 29നെ മുഖ്യമന്ത്രി തലസ്‌ഥാനത്ത് തിരിച്ചെത്തൂ. എകെ ശശീന്ദ്രന് പകരം തോമസ് കെ തോമസിനെ മന്ത്രിയാക്കണമെന്ന ആവശ്യം മുഖ്യമന്ത്രിയോട് ചർച്ച ചെയ്യാനാണ് ശരത് പവാർ മൂന്ന് നേതാക്കളോടും നിർദ്ദേശിച്ചത്.
അതേസയം, ശശീന്ദ്രന് തന്നെ നീക്കുന്നതിനോട് യോജിപ്പില്ല. തനിക്കൊപ്പം നിൽക്കുന്ന പരമാവധി നേതാക്കളെ സംഘടിപ്പിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. പാർട്ടിയിൽ രണ്ടഭിപ്രായം ഉണ്ടെന്ന് വന്നാൽ തീരുമാനം സിപിഎം നീട്ടുമെന്ന് ശശീന്ദ്രൻ കരുതുന്നു. എന്നാൽ, ശരത് പവാറിന്റെയും പിസി ചാക്കോയുടെയും ആവശ്യം മുന്നണിക്ക് അംഗീകരിക്കേണ്ടി വരുമെന്ന് തോമസ് കെ തോമസും പ്രതീക്ഷിക്കുന്നു.
രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ എത്തിയപ്പോൾ തന്നെ ശശീന്ദ്രന് പകരം, തന്നെ മന്ത്രിയാക്കണമെന്ന ആവശ്യവുമായി തോമസ് കെ തോമസ് പാർട്ടിയിൽ കലാപം തുടങ്ങിയിരുന്നു. ഇതോടെ, രണ്ടരവർഷം കഴിഞ്ഞ് മാറണമെന്ന ഉപാധി വെച്ചു. അതിനും ശശീന്ദ്രൻ വഴങ്ങിയില്ല. സംസ്‌ഥാന അധ്യക്ഷൻ പിസി ചാക്കോയുടെയും മുതിർന്ന നേതാക്കളുടെയും പിന്തുണയായിരുന്നു ശശീന്ദ്രന്റെ പിടിവള്ളി.
എന്നാൽ, അടുത്തിടെ ശശീന്ദ്രൻ ക്യാംപിനെ ഞെട്ടിച്ച് തോമസ് കെ തോമസുമായി പിസി ചാക്കോ അടുക്കുകയായിരുന്നു. ഇതോടെയാണ്, തോമസ് കെ തോമസ് മന്ത്രി സ്‌ഥാനത്തിന് വേണ്ടിയുള്ള നീക്കം കടുപ്പിച്ചത്. ഭൂരിപക്ഷം ജില്ലാ അധ്യക്ഷൻമാരുടെ പിന്തുണ കൂടി നേടിയാണ് തോമസിന്റെ ശശീന്ദ്രനെതിരായ പടയൊരുക്കം. രണ്ടരവർഷമെന്ന കരാർ നിലവിലില്ലെന്ന് ഇതുവരെ പറഞ്ഞ സംസ്‌ഥാന നേതൃത്വം ഇപ്പോൾ തിരക്കിട്ട് തന്നോട് ഒഴിയാൻ പറയുന്നതിൽ അനീതിയുണ്ടെന്നാണ് ശശീന്ദ്രന്റെ നിലപാട്.
Most Read| ജലത്തിൽ തെളിയുന്ന മഴവിൽക്കാഴ്‌ച; ഈ ചതുപ്പുകാട് മനസിന് കുളിർമയേകും