ചെന്നൈ: തൂത്തുക്കുടി കസ്‌റ്റഡി മരണത്തിൽ പൊലീസ് സ്‌റ്റേഷൻ ഉദ്യോഗസ്‌ഥർക്കെതിരെ സിബിഐ കുറ്റപത്രം സമർപ്പിച്ചു. കസ്‌റ്റഡിയിൽ മരിച്ച ജയരാജിനേയും മകൻ ബെന്നിക്‌സിനെയും അതിക്രൂരമായി പൊലീസ് പീഡിപ്പിച്ചുവെന്ന് വ്യക്‌തമാകുന്ന തെളിവുകളും പരിശോധനയിൽ ലഭിച്ചതായി സിബിഐ കുറ്റപത്രത്തിൽ രേഖപ്പെടുത്തി.
ഇരുവരെയും പീഡിപ്പിക്കാനായി ഉപയോഗിച്ചുവെന്ന് കരുതുന്ന ലാത്തിയിലെ രക്‌തവും സ്‌റ്റേഷന്റെ ചുവരിലുണ്ടായിരുന്ന രക്‌തക്കറകളും ജയരാജിന്റെയും ബെന്നിക്‌സിന്റെയും രക്‌തവും ഒന്നുതന്നെയാണെന്ന് കുറ്റപത്രത്തിൽ പറയുന്നു. ഇരുവരെയും ഉദ്യോഗസ്‌ഥർ സ്‌റ്റേഷനിൽ വെച്ച് മൃഗീയമായി പീഡിപ്പിച്ചുവെന്ന വസ്‌തുത ഇത് സ്‌ഥിരീകരിക്കുന്നതാണെന്നും കുറ്റപത്രത്തിലുണ്ട്.
ജൂൺ 19ന് രാത്രി 7.45 മുതൽ അടുത്ത ദിവസം രാവിലെ 3 വരെ പൊലീസ് സ്‌റ്റേഷനിൽ ഇരുവരെയും ക്രൂരപീഡനത്തിന് ഇരകളാക്കിയെന്നാണ് കുറ്റപത്രം. ഇരുവരെയും പലതവണ മർദിച്ചതായും കുറ്റപത്രത്തിൽ പറയുന്നുണ്ട്.
ജയരാജിനെയും ബെന്നിക്‌സിനെയും ഒരുമിച്ച് പൊലീസ് സ്‌റ്റേഷനിൽ മണിക്കൂറുകളോളം പീഡിപ്പിച്ചു. ഇരുവരെയും കഠിനമായി മർദിക്കാൻ കേസിൽ പ്രതിയായ ഇൻസ്‌പെക്‌ടർ എസ്. ശ്രീധർ മറ്റു പ്രതികളായ പൊലീസുകാരെ പ്രേരിപ്പിച്ചു. ഇരുവരും നിശബ്‌ദരാകുമ്പോൾ വീണ്ടും മർദിക്കാൻ ഉത്തരവിട്ടു. ഇതിനെല്ലാം പുറമെ ഇരുവരെയും വിവസ്ത്രരാക്കിയതായും കുറ്റപത്രത്തിൽ പറയുന്നു.
തമിഴ്‌നാട് സാത്താൻകുളത്ത് വ്യാപാരികളായ ജയരാജിനെയും ബെന്നിക്‌സിനെയും ലോക്ക്ഡൗൺ നിയമം ലംഘിച്ചുവെന്ന് ആരോപിച്ചാണ് ജൂൺ 19ന് സാത്താൻകുളം പൊലീസ് അറസ്‌റ്റ് ചെയ്‌തത്. കസ്‌റ്റഡിയിൽ ക്രൂരമർദ്ദനത്തെ തുടർന്നായിരുന്നു ഇരുവരുടെയും മരണം. ബെന്നിക്‌സ് ജൂൺ 22നും ജയരാജ് അടുത്ത ദിവസവുമാണ് മരണപ്പെട്ടത്.
Read also: നിയമസഭാ കയ്യാങ്കളി കേസ്; സർക്കാരിന് തിരിച്ചടി; സ്‌റ്റേ ആവശ്യം തള്ളി ഹൈക്കോടതി