തൃശൂർ: താൻ ബിജെപിയിലേക്ക് പോകുമെന്ന വാർത്തകൾ തെറ്റാണെന്ന് തൃശൂർ മേയർ എംകെ വർഗീസ്. ബിജെപി എംപിയും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപിയെ പ്രശംസിച്ചതിൽ രാഷ്‌ട്രീയം കലർത്തേണ്ടെന്നും അദ്ദേഹം പറഞ്ഞു. സുരേഷ് ഗോപിയുമായി നടന്നത് മന്ത്രി എന്ന നിലയിലുള്ള ആശയവിനിമയം മാത്രമാണ്. താൻ എല്ലായ്‌പ്പോഴും സിപിഎമ്മിന് ഒപ്പമാണെന്നും അദ്ദേഹം വ്യക്‌തമാക്കി.
കേന്ദ്രമന്ത്രിയായ സുരേഷ് ഗോപിയിൽ താനടക്കമുള്ള തൃശൂർകാർക്ക് വലിയ പ്രതീക്ഷയാണുള്ളതെന്ന് മേയർ പറഞ്ഞത് വലിയ വാർത്തയായിരുന്നു. പഞ്ചായത്തും കോർപറേഷനും ചെയ്യേണ്ട തെരുവ് ലൈറ്റ് സ്‌ഥാപിക്കുക, അങ്കണവാടികൾ നിർമിക്കുക തുടങ്ങിയ പണികളാണ് എംപിമാർ ചെയ്യുന്നത്.
കേരളത്തിന് യോജിച്ച തരത്തിലും തൃശൂരിന്റെ വികസനത്തിനും വേണ്ടിയുള്ള വലിയ പദ്ധതികൾ കൊണ്ടുവരണം. തൃശൂരിന് മാറ്റമുണ്ടാകണം. വലിയ സംരംഭങ്ങൾ സുരേഷ് ഗോപിയുടെ മനസിലുണ്ടെന്ന് ബോധ്യപ്പെട്ടിട്ടുണ്ട്. ഏറെ പ്രതീക്ഷയോടെയാണ് അദ്ദേഹത്തെ വിജയിപ്പിച്ചതെന്നും അതിന്റെ തെളിവായി ഓരോ പ്രവർത്തനവും മുന്നോട്ട് കൊണ്ടുപോകുമെന്ന പ്രതീക്ഷയുണ്ടെന്നും മേയർ പറഞ്ഞിരുന്നു.
മേയറുടെ രാഷ്‌ട്രീയം പൂർണമായും വ്യത്യസ്‌തമാണെന്നും അതിനെ താൻ ബഹുമാനിക്കുന്നെന്നുമായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. ന്യായമായ കാര്യങ്ങൾ നടപ്പാക്കി, ജനങ്ങളുടെ സഖ്യത്തിന് ഊന്നൽ നൽകുന്ന മേയറെ ആദരിക്കാനും സ്‌നേഹിക്കാനും മാത്രമാണ് തോന്നുന്നതെന്നും അദ്ദേഹം പറഞ്ഞു. അത് ഞാൻ ചെയ്യും. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുൻപ് തന്നെ മേയർ വികസന പദ്ധതികളെ കുറിച്ച് താനുമായി ചർച്ച ചെയ്‌തിരുന്നെന്നും അവ പൂർത്തിയാക്കാനുള്ള പരിശ്രമം തുടരുമെന്നും സുരേഷ് ഗോപി വ്യക്‌തമാക്കിയിരുന്നു.
Most Read| ഹത്രസ് ദുരന്തം; ഭോലെ ബാബയെ ചോദ്യം ചെയ്‌തതായി സൂചന- മുഖ്യപ്രതി പിടിയിൽ