തൃശൂർ: കോർപറേഷനിൽ മേയർ പദവി പണം വാങ്ങി വിറ്റെന്ന ഗുരുതര ആരോപണം ഉന്നയിച്ചതിന് പിന്നാലെ സസ്പെൻഡ് ചെയ്യപ്പെട്ട കൗൺസിലർ ലാലി ജെയിംസ് വീണ്ടും രൂക്ഷ പ്രതികരണവുമായി രംഗത്ത്. തൃശൂർ ഡിസിസി നേതൃത്വത്തിനെതിരെയാണ് ലാലിയുടെ വിമർശനം.
കാര്യങ്ങൾ പറയുമ്പോൾ സസ്പെൻഡ് ചെയ്യുകയല്ല, വിളിച്ചിരുത്തി സംസാരിക്കാനുള്ള മര്യാദയാണ് കാട്ടേണ്ടതെന്നാണ് ലാലിയുടെ പ്രതികരണം. സസ്പെൻഷനെ ഭയപ്പെടുന്ന ആളല്ല താനെന്നും ഒരു ഉറച്ച കോൺഗാസുകാരി ആയിരിക്കുമെന്നും മരണം വരെ, ഓർമ അവശേഷിക്കും വരെ പാർട്ടിയിൽ തന്നെ തുടരുമെന്നും ലാലി വ്യക്തമാക്കി.
തന്റെ ഭാഗം കേൾക്കാനോ വിശദീകരണം ചോദിക്കാനോ തയ്യാറാകാതെ രാത്രി വൈകി ഇരുട്ടിന്റെ മറവിൽ എടുത്ത തീരുമാനമാണ് ഇത്. സസ്പെൻഡ് ചെയ്യാനും തിരിച്ചെടുക്കാനും പാർട്ടിക്ക് അവകാശമുണ്ടെങ്കിലും നീതിപൂർവമായ നടപടിയല്ല ഉണ്ടായതെന്നും ലാലി പറഞ്ഞു. കോൺഗ്രസുകാരിയായി തുടരാൻ തനിക്ക് പ്രത്യേക അംഗത്വത്തിന്റെ ആവശ്യമില്ലെന്നും അവർ വ്യക്തമാക്കി.
സ്ഥാനമോഹിയല്ല, പക്ഷേ അനീതിക്കെതിരെ എന്നും പ്രതികരിച്ചിട്ടുണ്ട്. മേയർ പദവിയെ കുറിച്ച് കേട്ട അനീതി പൊതുജനത്തെ അറിയിക്കുകയാണ് ചെയ്തത്. ഫണ്ട് വേണമെന്ന് ഡിസിസി നേതൃത്വം ആവശ്യപ്പെട്ടിരുന്നു. എന്നാൽ, പറ്റില്ലെന്ന് അറിയിച്ചിരുന്നു. മേയർ പദവിക്ക് പണപ്പെട്ടി നൽകിയെന്നത് കേട്ട കാര്യം മാത്രമാണ്. അല്ലാതെ താൻ പണപ്പെട്ടി കണ്ടിട്ടില്ലെന്നും ലാലി ജെയിംസ് കൂട്ടിച്ചേർത്തു.
വെള്ളിയാഴ്ച നടന്ന തൃശൂർ കോർപറേഷൻ മേയർ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് കോൺഗ്രസ് നേതൃത്വത്തിനെതിരെ ലാലി ജെയിംസ് ഗുരുതരമായ ആരോപണം ഉന്നയിച്ചത്. പെട്ടിയിൽ കാശെത്തിച്ചവർക്ക് മേയർ പദവി വിറ്റെന്നും മേയർ സ്ഥാനത്തേക്ക് കൂടുതൽ കൗൺസിലർമാരും തന്റെ പേരാണ് മുന്നോട്ടുവെച്ചതെന്നും ലാലി പറഞ്ഞിരുന്നു.
നാല് വട്ടം കൗൺസിലറായ താനില്ല മേയർ പദവിക്ക് അർഹതയുണ്ടെന്നും എന്നാൽ സാധാരണക്കാരി ആയതിനാൽ പരിഗണിച്ചില്ലെന്നും ലാലി പറഞ്ഞിരുന്നു. വിവിധ പ്രസ്താവനയെ തുടർന്ന് വെള്ളിയാഴ്ച രാത്രിയാണ് ലാലി ജെയിംസിനെ കോൺഗ്രസിൽ നിന്നും സസ്പെൻഡ് ചെയ്തത്. ഡിസിസിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫാണ് നടപടി സ്വീകരിച്ചത്.
Most Read| റാമ്പിലെത്തിയാൽ അസുഖങ്ങളെല്ലാം മറക്കും; സഫ ഇപ്പോൾ താരമാണ്






































