തൃശൂർ: പീച്ചി ഡാമിന്റെ റിസർവോയറിൽ വീണ് അപകടത്തിൽപ്പെട്ട ഒരാൾ കൂടി മരിച്ചു. ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിൽ ആയിരുന്ന പട്ടിക്കാട് ചാണോത്ത് മുരിങ്ങത്ത് പറമ്പിൽ ബിനോജ്-സാലി ദമ്പതികളുടെ മകൾ എറിൻ (16) ആണ് മരിച്ചത്. ഇന്ന് വൈകിട്ടാണ് കുട്ടി മരണത്തിന് കീഴടങ്ങിയത്.
ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. പട്ടിക്കാട് ചാണോത്ത് പാറാശേരി സജി-സെറീന ദമ്പതികളുടെ മകൾ ആൻ ഗ്രേസ് (16), തൃശൂർ കോർപറേഷനിലെ ക്ളർക്ക് പട്ടിക്കാട് ചുങ്കത്ത് ഷാജൻ- സജി ദമ്പതികളുടെ മകൾ അലീന (18) എന്നിവർ നേരത്തെ മരിച്ചിരുന്നു. അപകടത്തിൽപ്പെട്ട പട്ടിക്കാട് പുളയിൻമാക്കൽ ജോണി-സാലി ദമ്പതികളുടെ മകൾ നിമ (12) ചികിൽസയിൽ തുടരുകയാണ്.
ശനിയാഴ്ച പീച്ചി ലൂർദ് മാതാ പള്ളിയിലെ തിരുനാൾ ആഷോഷത്തിന് കൂട്ടുകാരിയുടെ വീട്ടിലെത്തിയ മൂന്ന് പേരുൾപ്പടെ നാല് പേരാണ് അപകടത്തിൽപ്പെട്ടത്. പട്ടിക്കാട് പുളയിൻമാക്കൽ ജോണി-സാലി ദമ്പതികളുടെ മകളും ഇവരുടെ സഹപാഠിയുമായ ഹിമയുടെ വീട്ടിൽ എത്തിയതായിരുന്നു ആൻ ഗ്രേസും അലീനയും എറിനും.
ഉച്ചയ്ക്ക് ശേഷം ഹിമയും സഹോദരി നിമയും സഹപാഠികളെയും കൂട്ടി ജലസംഭരണി കാണാൻ പോയ സമയത്തായിരുന്നു അപകടം. പാറപ്പുറത്ത് ഇരിക്കുന്നതിനിടെ രണ്ടുപേർ കാൽവഴുതി വെള്ളത്തിലേക്ക് വീണു. ഇവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മറ്റു രണ്ടുപേരും വീണു. വെള്ളത്തിൽ വീഴാതെ രക്ഷപ്പെട്ട ഹിമയുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.
Most Read| ബന്ദികളുടെ മോചനം രണ്ടുഘട്ടമായി, ഗാസയിൽ സമാധാനം പുലരുമോ?






































