തൃശൂർ: ചരിത്ര പ്രസിദ്ധമായ തൃശൂർ പൂരം ഇന്ന്. വടക്കുംനാഥ ക്ഷേത്രത്തിലേക്കുള്ള കണിമംഗലം ശാസ്‌താവിന്റെ എഴുന്നള്ളത്തിന് തുടക്കമായി. രാവിലെ 6.45ന് ചെമ്പൂക്കാവ് ഭഗവതി വടക്കുംനാഥ ക്ഷേത്ര സന്നിധിയിലേക്ക് പുറപ്പെട്ടു. ഇക്കുറി തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ആണ് ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റുന്നത്.
ശേഷമാണ് ഘടകക്ഷേത്രങ്ങളിൽ നിന്നുള്ള ചെറുപൂരങ്ങളുടെ വരവ്. വൈകീട്ട് അഞ്ചരയോടെയാണ് കാഴ്‌ചയുടെ വിസ്‌മയമായ കുടമാറ്റം. ഒമ്പതുമണിയോടെ വടക്കുംനാഥ ക്ഷേത്രത്തിലെത്തുന്ന രാമചന്ദ്രൻ തെക്കേ നടയിലൂടെ ആദ്യം പുറത്തിറങ്ങും. പാറമേക്കാവ്, തിരുവമ്പാടി ഭഗവതിമാരും എട്ട് ഘടക ക്ഷേത്രങ്ങളിൽ നിന്നുള്ള ഭഗവതി ശാസ്‌താമാരും തുടർന്ന് വടക്കുംനാഥനെ വണങ്ങാനെത്തും.
രാവിലെ 7.30ന് കണിമംഗലം ശാസ്‌താവ് ആണ് ആദ്യം എഴുന്നള്ളി എത്തുക. തുടർന്ന് ചെമ്പൂക്കാവ് ഭഗവതി, പനമുക്കുംപിള്ളി ശാസ്‌താവ്, കാരമുക്ക് ഭഗവതി, ലാലൂർ ഭഗവതി, ചൂരക്കോട്ടുകാവ് ഭഗവതി, അയ്യന്തോൾ ഭഗവതി, നെയ്‌തലക്കാവ് ഭഗവതി എന്ന ക്രമത്തിൽ എഴുന്നള്ളിപ്പുകൾ വടക്കുംനാഥ ക്ഷേത്രത്തിൽ പ്രവേശിക്കും.
11.30ന് തിരുവമ്പാടി ഭഗവതിയുടെ എഴുന്നള്ളിപ്പ് കാണാൻ തെക്കേ മഠത്തിന് മുന്നിലെത്തുമ്പോൾ നടക്കുന്ന മഠത്തിൽ വരവ് പഞ്ചവാദ്യം കാണാൻ പതിനായിരങ്ങളാണ് എത്തുക. പാറമേക്കാവിൽ നിന്ന് ഉച്ചയ്‌ക്ക് 12ന് ആരംഭിക്കുന്ന എഴുന്നള്ളിപ്പിന് ചെമ്പട മേളം അകമ്പടിയായി ഉണ്ടാകും. ഉച്ചയ്‌ക്ക് രണ്ടിന് വടക്കുംനാഥ ക്ഷേത്രത്തിനകത്ത് ഇലഞ്ഞിത്തറ മേളമായി അതുമാറും.
വൈകീട്ട് 5.30ന് തെക്കേനടയിൽ കുടമാറ്റം നടക്കും. നാളെ പുലർച്ചെ മൂന്നിനാണ് വെടിക്കെട്ട്. പൂരം പ്രമാണിച്ച് നഗരത്തിൽ ഉൾപ്പടെ കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. തൃശൂർ നഗരത്തിലും പരിസര പ്രദേശങ്ങളിലും രാവിലെ ആറുമുതൽ ഗതാഗത നിയന്ത്രണം തുടങ്ങി. പൂരം അവസാനിക്കുന്നതുവരെ യാതൊരുവിധ വാഹനങ്ങളും റൗഡിലേക്ക് കടത്തിവിട്ടില്ല.
സ്വകാര്യ വാഹനങ്ങൾക്ക് റൗഡിണ്ടിന്റെ ഔട്ടർ റിങ്ങ് വരെയാണ് പ്രവേശനാനുമതി. നഗരത്തിനുള്ളിലെ തദ്ദേശവാസികളുടെ വാഹനങ്ങൾക്ക് അനുമതി ലഭിക്കുന്നതിനായി വാഹനത്തിന്റെ നമ്പറും തിരിച്ചറിയൽ രേഖയും കരുതണമെന്നാണ് അറിയിപ്പ്. ശക്‌തൻ തമ്പുരാൻ ബസ് സ്‌റ്റാൻഡിനും നോർത്ത് ബസ് സ്‌റ്റാൻഡിനും പുറമെ വെസ്‌റ്റ് ഫോർട്ട് ജങ്ഷനിൽ താൽക്കാലിക ബസ് സ്‌റ്റാൻഡ് പ്രവർത്തനം ആരംഭിച്ചു.
Most Read| ആഹാ ഇത് കൊള്ളാലോ, വിൽപ്പനക്കെത്തിച്ച കോഴിയെ കണ്ട് കണ്ണുതള്ളി കടയുടമ!