തൃശൂർ: പൂരം കലക്കൽ അന്വേഷണത്തിൽ റവന്യൂ മന്ത്രി കെ രാജന്റെ മൊഴിയെടുക്കാൻ അന്വേഷണ സംഘം. എഡിജിപി എംആർ അജിത് കുമാറിന്റെ വീഴ്‌ചയെ കുറിച്ച് ഡിജിപി നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് മൊഴിയെടുപ്പ്. തൃശൂർ പൂരം കലക്കലിൽ എഡിജിപി എംആർ അജിത് കുമാറിന്റെ പങ്കുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ഡിജിപി അന്വേഷിക്കുന്നത്.
അജിത് കുമാറിന് വീഴ്‌ച സംഭവിച്ചിട്ടുണ്ടോ എന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്. അന്വേഷണവുമായി ബന്ധപ്പെട്ട് ഇനി എംആർ അജിത് കുമാറിന്റെയും മന്ത്രി കെ രാജന്റെയും മൊഴികൂടിയാണ് എടുക്കാൻ ബാക്കിയുള്ളത്. ഇതിന് ശേഷം അന്വേഷണ റിപ്പോർട് സമർപ്പിക്കും. അതേസമയം, നിയമസഭാ സമ്മേളനം നടക്കുകയാണെന്നും അതുകഴിഞ്ഞശേഷം മൊഴിയെടുക്കാനുള്ള സമയം അനുവദിക്കാമെന്നുമാണ് മന്ത്രി കെ രാജൻ അന്വേഷണ ഉദ്യോഗസ്‌ഥരോട് പറഞ്ഞിരിക്കുന്നത്.
തൃശൂർ പൂരം കലക്കലുമായി ബന്ധപ്പെട്ട് എഡിജിപി എംആർ അജിത് കുമാറിനെതിരായ ഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബിന്റെ റിപ്പോർട് സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ചിരുന്നു. എഡിജിപിക്കെതിരെ നിരവധി പരാമർശങ്ങൾ ഡിജിപിയുടെ റിപ്പോർട്ടിൽ ഉണ്ടായിരുന്നു. എഡിജിപിക്ക് വീഴ്‌ച സംഭവിച്ചെന്നും തൃശൂരിൽ ഉണ്ടായിരുന്നിട്ടും അദ്ദേഹം പ്രശ്‌നപരിഹാരത്തിന് ഇടപെട്ടില്ലെന്നും ഇത് വീഴ്‌ചയാണെന്നും റിപ്പോർട്ടിലുണ്ട്. സത്യവാങ്മൂലത്തിന്റെ രൂപത്തിലാണ് ഇക്കാര്യങ്ങൾ സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്.
നേരത്തെ, തൃശൂർ പൂരം അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട് എഡിജിപി എംആർ അജിത് കുമാർ നൽകിയ അന്വേഷണ റിപ്പോർട് ആഭ്യന്തര സെക്രട്ടറി തള്ളിയിരുന്നു. വീണ്ടും അന്വേഷണം നടത്താനും സെക്രട്ടറി ശുപാർശ നൽകിയിരുന്നു.
Most Read| ഒറ്റ ദിവസം ആറ് ഗണിത റെക്കോർഡുകൾ; കണക്കിൽ അമ്മാനമാടുന്ന 14 വയസുകാരൻ