മലയാള സിനിമയിലെ എക്കാലത്തെയും ഹിറ്റ് കോംബോയായ മോഹൻലാൽ-ശോഭന താരജോഡികൾ ഒന്നിക്കുന്ന പുതിയ ചിത്രം ‘തുടരും’ വെള്ളിയാഴ്‌ച മുതൽ തിയേറ്ററുകളിൽ എത്തുകയാണ്. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിങ് ആരംഭിച്ചു. ഇന്ന് രാവിലെ പത്തുമുതലാണ് ബുക്കിങ് ആരംഭിച്ചത്.
പൃഥ്‌വിരാജ് ചിത്രം എമ്പുരാന് ശേഷം മോഹൻലാലിന്റേതായി എത്തുന്ന ചിത്രം അത്ര വലിയ പ്രീ റിലീസ് പബ്ളിസിറ്റിയോടെയല്ല എത്തുന്നത്. എന്നിരുന്നാലും അഡ്വാൻസ് ബുക്കിങ്ങിൽ ചിത്രം മികച്ച പ്രകടനം കാഴ്‌ചവെയ്‌ക്കുകയാണ്. പ്രമുഖ ടിക്കറ്റ് ബുക്കിങ് പ്ളാറ്റ്‌ഫോം ആയ ബുക്ക് മൈ ഷോയിൽ ആദ്യ മണിക്കൂറിൽ 8000 ടിക്കറ്റുകളും പിന്നീടുള്ള മണിക്കൂറിൽ 10,000 ടിക്കറ്റുകൾ എന്ന കണക്കിലും ബുക്കിങ്ങാണ്.
ഇപ്പോഴിതാ ആദ്യ രണ്ട് മണിക്കൂറിൽ നേടിയിരിക്കുന്ന ബോക്‌സ് ഓഫീസ് കളക്ഷൻ കണക്കുകൾ പുറത്തുവന്നിരിക്കുകയാണ്. ട്രാക്കർമാരുടെ കണക്കുകൾ പ്രകാരം ആദ്യ രണ്ട് മണിക്കൂറിൽ കേരളത്തിൽ നിന്ന് മാത്രം ചിത്രം നേടിയിരിക്കുന്നത് 70 ലക്ഷം ബുക്കിങ്ങാണ്. വലിയ ബഹളങ്ങളില്ലാത്ത പ്രൊമോഷനുമായി എത്തുന്ന ഒരു ചിത്രത്തെ സംബന്ധിച്ച് മികച്ച സഖ്യയാണിത്.
അതേസമയം, റിലീസിന് രണ്ടുദിവസം കൂടി അവശേഷിക്കുന്നു എന്നതിനാൽ ഈ കണക്ക് ഇനിയും ഏറെ ഉയരും. കേരളത്തിലെ പ്രധാന സ്‌ക്രീനുകളിലോക്കെ ആദ്യ ഷോകൾ ഹൗസ്‌ഫുൾ ആയ സാഹചര്യമാണ്. പ്രേക്ഷക- നിരൂപക പ്രശംസ നേടിയ ‘സൗദി വെള്ളക്കയ്‌ക്ക്’ ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രമാണ് തുടരും. 15 വർഷത്തെ ഇടവേളക്ക് ശേഷം മോഹൻലാൽ-ശോഭന താരജോഡി വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നു എന്നതാണ് സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത.
പത്തനംതിട്ട ജില്ലയിലെ റാന്നിയിലെ ഒരു സാധാരണക്കാരനായ ഷൺമുഖം എന്ന ടാക്‌സി ഡ്രൈവറിന്റെ കഥാപാത്രത്തെയാണ് മോഹൻലാൽ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഏറെ ഇടവേളക്ക് ശേഷമാണ് ഇത്തരമൊരു റിയലിസ്‌റ്റിക് കഥാപാത്രത്തെ മോഹൻലാൽ അവതരിപ്പിക്കുന്നത്. ഒരിടത്തരം ഗ്രാമത്തിന്റെ ഉൾത്തുടിപ്പുകൾ കോർത്തിണക്കിയാണ് ചിത്രത്തിന്റെ അവതരണം.

ഫാമിലി ഡ്രാമ വിഭാഗത്തിൽപ്പെടുന്ന ചിത്രത്തിൽ ശോഭനയാണ് നായിക. ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു എന്നിവർക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. കെആർ സുനിലിന്റേതാണ് കഥ. തരുൺ മൂർത്തിയും കെആർ സുനിലും ചേർന്നാണ് തിരക്കഥയും സംഭാഷണവും രചിച്ചത്. രജപുത്ര വിഷ്വൽസ് മീഡിയ അവതരിപ്പിക്കുന്ന ചിത്രം നിർമിക്കുന്നത് എം രഞ്‌ജിത്ത് ആണ്.
ഛായാഗ്രഹണം: ഷാജികുമാർ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: അവന്തിക രഞ്‌ജിത്, കലാസംവിധാനം: ഗോകുൽദാസ്, മേക്കപ്പ്: പട്ടണം റഷീദ്, കോസ്‌റ്റ്യൂം: സമീരാ സനീഷ്, സൗണ്ട്: വിഷ്‌ണു ഗോവിന്ദ്, പിആർഒ: വാഴൂർ ജോസ് തുടങ്ങിയവരാണ് മറ്റ് അണിയറപ്രവർത്തകർ. റാന്നി, തൊടുപുഴ ഭാഗങ്ങളിലാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയത്.
2009ൽ പുറത്തിറങ്ങിയ ‘സാഗർ ഏലിയാസ് ജാക്കി’യിലാണ് ശോഭനയും മോഹൻലാലും ഇതിന് മുൻപ് ഒന്നിച്ചഭിനയിച്ചത്. എന്നാൽ, ചിത്രത്തിൽ മനോജ് കെ ജയൻ അവതരിപ്പിച്ച കഥാപാതത്തിന്റെ ജോഡിയായിരുന്നു ശോഭന. 2004ൽ പുറത്തിറങ്ങിയ ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലാണ് ശോഭന ഒടുവിലായി മലയാളത്തിൽ അഭിനയിച്ചത്.
Most Read| ഹെയർ ഓയിൽ വിറ്റ് സമ്പാദിച്ചത് 34 കോടി; വിജയത്തേരിൽ എറിം കൗർ








































