തിരുവനന്തപുരം: സംസ്ഥാനത്ത് വാഹനാപകടങ്ങൾ ദിനംപ്രതി വർധിക്കുന്ന സാഹചര്യമാണുള്ളത്. അശ്രദ്ധമായി വണ്ടി ഓടിക്കൽ, അമിതവേഗം തുടങ്ങിയ കാരണങ്ങളാണ് ഒരുപരിധിവരെ അപകടങ്ങൾക്കിടയാക്കുന്നത്. എന്നാൽ, ഉപയോഗ ശൂന്യമായ ടയറുകളുടെ ഉപയോഗം വർധിച്ചതോടെ റോഡ് അപകടങ്ങൾക്കുള്ള സാധ്യതയും കൂടിയിട്ടുണ്ട്.
പ്രമുഖ കമ്പനികൾ ഉപയോഗിക്കാൻ കഴിയാത്തതും വാറണ്ടിയിൽ വരുന്ന ടയറുകളും സ്ക്രാപ്പിലേക്ക് തള്ളുന്നതിന് പകരം, കമ്പനികളുടെ പേരുകളും, മോഡലുകളും ചെത്തി മാറ്റിയും അറ്റകുറ്റപ്പണികൾ ചെയ്തും പുതിയ ടയറുകൾ ആണെന്ന വ്യാജേന വിലക്കുറവിന്റെ മറവിൽ ഇടനിലക്കാർ വ്യാപകമായി വിപണിയിൽ എത്തിക്കുകയാണ് ചെയ്യുന്നത്.
അശാസ്ത്രീയമായി നിർമിക്കുന്ന, ഗുണനിലവാരമില്ലാത്ത വ്യാജ ടയറുകൾ ഉപയോഗിക്കുന്നത് വഴി ടയറുകൾ പൊട്ടിയുണ്ടാകുന്ന റോഡപകടങ്ങൾക്കും, വൈബ്രേഷൻ മൂലം വാഹനങ്ങളുടെ ബിയറിങ്ങുകൾ, സ്റ്റിയറിങ് റാക്ക്, മറ്റു മെക്കാനിക്കൽ ഭാഗങ്ങൾ എന്നിവ വരെ കംപ്ളെയിന്റ് വരാനുള്ള സാധ്യതയും കൂടുതലാണ്.
സാധാരണക്കാരാണ് പലപ്പോഴും ഇത്തരം ടയറുകൾ വാങ്ങിച്ച് കെണിയിൽപ്പെടുന്നത്. മഴക്കാലങ്ങളിൽ ഉപയോഗശൂന്യമായ ടയറുകൾ ഉപയോഗിക്കുന്നത് അപകടങ്ങളെ ക്ഷണിച്ച് വരുത്തുമെന്നും, പുതിയ നാഷണൽ ഹൈവേകൾ വരുമ്പോൾ സ്പീഡ് കൂടുന്നതോടെ ചൂട് കൂടാനും ഗുണമേൻമയില്ലാത്ത ഇത്തരം ടയറുകൾ പൊട്ടാനും അപകടങ്ങൾ സംഭവിക്കാനും സാധ്യതയുണ്ടെന്നും ടയർ ഡീലേഴ്സ് ആൻഡ് അലൈൻമെന്റ് അസോസിയേഷൻ, കേരള (TDAAK) വ്യക്തമാക്കി.
ജിഎസ്ടി ഇല്ലാതെ വിൽക്കുന്ന വ്യാജ ടയറുകളുടെ വരവ് മൂലം സർക്കാരിന് കിട്ടേണ്ട ജിഎസ്ടി തുകയിൽ വൻ ഇടിവ് വന്നിട്ടുണ്ടെന്നും ഇത് നിർത്തലാക്കാൻ അടിയന്തിരമായി സർക്കാർ ഇടപെടണമെന്നും അസോസിയേഷൻ പ്രസിഡണ്ട് സികെ ശിവകുമാർ, സെക്രട്ടറി ഷാജഹാൻ എച്ച്, ട്രഷറർ ശിവപ്രകാശ് എന്നിവർ വാർത്താക്കുറിപ്പിൽ അറിയിച്ചു.
Most Read| കരളും വൃക്കയും പകുത്ത് നൽകിയ അമ്മയ്ക്ക് സമ്മാനമായി മകന്റെ ഉന്നതവിജയം
ചെലവ് കുറഞ്ഞു അല്ലേ അതാണ് മോങ്ങുന്നത്
ഇത്രയൊക്കെ സ്നേഹമുള്ള ആൾക്കാർ ആണെങ്കിൽ സാധാരണക്കാർക്ക് നല്ല വിലക്കുറവിൽ പുതിയ കമ്പനി സാധനങ്ങൾ കൊടുക്കെന്നെ…
നിങ്ങള് മാന്യമായ വിലക്ക് ടയർ കൊടുത്താൽ ആളുകൾ അതു വാങ്ങി ഉപയോഗിക്കും……അല്ലാതെ ജനങ്ങളുടെ നന്മക്കല്ല നിങ്ങളുടെ പ്രവർത്തനം എന്ന് അറിയാം