മലപ്പുറം: യുഡിഎഫ് പ്രവേശന കാര്യത്തിൽ തീരുമാനം ഉടൻ എടുത്തില്ലെങ്കിൽ നിലമ്പൂർ ഉപതിരഞ്ഞടുപ്പിൽ പിവി അൻവർ മൽസരിക്കുമെന്ന് കോൺഗ്രസിന് തൃണമൂൽ കോൺഗ്രസിന്റെ മുന്നറിയിപ്പ്. ഇന്ന് ചേർന്ന ടിഎംസി മണ്ഡലം കമ്മിറ്റി യോഗത്തിന് ശേഷം നേതാക്കളാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.
മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട് രണ്ട് ദിവസത്തിനകം തീരുമാനം എടുക്കണമെന്നാണ് തൃണമൂൽ കോൺഗ്രസ് യുഡിഎഫിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. അല്ലാത്തപക്ഷം പിവി അൻവറിനെ സ്‌ഥാനാർഥിയായി മൽസരിപ്പിക്കുമെന്നും ടിഎംസി വ്യക്‌തമാക്കിയിട്ടുണ്ട്. തൃണമൂൽ കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റിയുടേതാണ് തീരുമാനം.
5 മാസമായി മുന്നണി പ്രവേശനത്തിനായി ടിഎംസി കത്ത് നൽകിയിട്ട്. എന്നാൽ, ഇക്കാര്യത്തിൽ ഇതുവരെ തീരുമാനം എടുക്കാത്തതിനെ തുടർന്നാണ് പുതിയ നീക്കം. മുന്നണിയിൽ എടുക്കുമെന്ന് ഉറപ്പ് ലഭിച്ചിരുന്നതുകൊണ്ടാണ് യുഡിഎഫ് സ്‌ഥാനാർഥിക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ചത്. എന്നാൽ, മുന്നണി പ്രവേശന കാര്യത്തിൽ തീരുമാനമുണ്ടായില്ലെന്നും നേതാക്കൾ പറയുന്നു.
ഇന്ന് മുസ്‌ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയുമായി പിവി അൻവർ കൂടിക്കാഴ്‌ച നിശ്‌ചയിച്ചിരുന്നു. ഈ സമയത്താണ് പുതിയ നീക്കം. അതേസമയം, നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിന് തിരിച്ചടിയാകുന്ന തീരുമാനമാണ് തൃണമൂൽ കോൺഗ്രസിന്റെ ഭാഗത്ത് നിന്ന് വന്നിരിക്കുന്നത്. എന്നാൽ, തൃണമൂലിന്റെ ഭീഷണി തള്ളി കോൺഗ്രസും രംഗത്തുവന്നു.
പിണറായിസത്തിനെതിരെ പോരാടുമെന്ന് പ്രഖ്യാപിച്ച അൻവർ, ആരാണ് മുഖ്യശത്രുവെന്ന് വ്യക്‌തമാക്കണമെന്നാണ് കോൺഗ്രസ് ആവശ്യപ്പെടുന്നത്. ഹൈക്കമാൻഡ് പ്രഖ്യാപിച്ച സ്‌ഥാനാർഥിക്കെതിരെ ആരോപണം ഉന്നയിച്ച അൻവറിനെ സഹകരിപ്പിക്കാനാകില്ല എന്നതാണ് ഒരുവിഭാഗം നേതാക്കളുടെ വികാരം. സമ്മർദ്ദം ചെലുത്തി കാര്യങ്ങൾ നേടിയെടുക്കാനുള്ള അൻവറിന്റെ നീക്കത്തിന് വഴങ്ങിക്കൊടുക്കേണ്ടതില്ല എന്നാണ് കോൺഗ്രസിന്റെ തീരുമാനം.
Most Read| ജപ്പാനെ പിന്തള്ളി; ലോകത്തെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്‌ഥയായി ഇന്ത്യ