അരീക്കോട്: മലപ്പുറം മൂര്‍ക്കനാട് തോണി ദുരന്തം നടന്നിട്ട് ഇന്നേക്ക് പതിനൊന്ന് വര്‍ഷം തികയുന്നു. 2009 നവംബര്‍ നാലിന് മൂര്‍ക്കനാട് സുബുലുസ്സലാം എച്ച്.എസ്.എസിലെ വിദ്യാര്‍ഥികളാണ് ചാലിയാറില്‍ തോണി മറിഞ്ഞ് മരണപ്പെട്ടത്.
ദുരന്തം നടന്നിട്ട് ഒരു പതിറ്റാണ്ട് പിന്നിട്ടെങ്കിലും ഇപ്പോഴും ശാശ്വതമായ യാത്രാ സംവിധാനം ഇവിടെ ഏര്‍പ്പെടുത്താന്‍ സര്‍ക്കാരുകള്‍ക്ക് കഴിഞ്ഞിട്ടില്ല. അപകടത്തിന് ശേഷം അരീക്കോടിനേയും മൂര്‍ക്കനാടിനെയും ബന്ധിപ്പിച്ച് ഒരു ഇരുമ്പുപാലം ഉയര്‍ന്നെങ്കിലും 2018-ലെ പ്രളയത്തില്‍ അതും തകര്‍ന്നു.
കുനിയില്‍ കൊടവണ്ണാട്ടില്‍ ബീരാന്‍കുട്ടിയുടെ മകന്‍ എന്‍ വി സിറാജുദ്ദീന്‍, വെള്ളേരി മുഹമ്മദിന്റെ മകന്‍ ശിഹാബുദീന്‍, ഉഗ്രപുരം ടി അബൂബക്കറിന്റെ മകന്‍ സുഹൈല്‍, പാലപ്പറ്റ ആമക്കണ്ടത്തില്‍ എളയേടത്ത് അബ്‌ദുൾ കരീമിന്റെ മകന്‍ തൗഫീഖ്, ഇരിവേറ്റി കപ്പച്ചാലി കെ സി കുഞ്ഞുമുഹമ്മദിന്റെ മകന്‍ ഷമീം, കൊഴക്കോട്ടൂര്‍ അലി മുസ്‌ലിയാരുടെ മകള്‍ ത്വായിബ, കൊഴക്കോട്ടൂര്‍ മങ്ങാട്ടുപറമ്പ് ഷൗക്കത്തലിയുടെ മകന്‍ ഷാഹിദലി, കിഴിശ്ശേരി മുഹമ്മദ് മുഷ്‌ഫിൻ എന്നിവര്‍ക്കാണ് അപകടത്തില്‍ ജീവന്‍ നഷ്‌ടമായത്.
പാലം നിര്‍മാണത്തിന് 3 കോടി 30 ലക്ഷം രൂപ ഇപ്പോള്‍ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. എന്നാല്‍ ആദ്യഘട്ട സാങ്കേതിക പരിശോധനക്കായി എത്തിയ ഉദ്യോഗസ്‌ഥന്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചതോടെ പദ്ധതി നീണ്ടു പോവുകയാണ്. സബ് മെര്‍സിബിള്‍ പാലമാണ് പൊതുമരാമത്ത് വകുപ്പ് രൂപകല്‍പന ചെയ്‌തത്.
എന്നാല്‍ പദ്ധതി എന്ന് പ്രാവര്‍ത്തികമാകും എന്നതില്‍ യാതൊരു ഉറപ്പും നല്‍കാന്‍ അധികാരികള്‍ക്ക് കഴിയുന്നില്ല. 8 കുരുന്നു ജീവനുകള്‍ പൊലിഞ്ഞു വീണിട്ടും അധികൃതരുടെ കണ്ണെത്താത്തത് ന്യായീകരിക്കാന്‍ കഴിയില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു.
Read Also: വികസനത്തിന്റെ പാതയിൽ വിദ്യാഭ്യാസമേഖല; മികവിന്റെ കേന്ദ്രങ്ങളായി 125 പൊതുവിദ്യാലയങ്ങൾ







































