കാസർഗോഡ്: കുമ്പള-ആരിക്കാടി ടോൾ പ്ളാസയിൽ നാളെ മുതൽ ടോൾ പിരിക്കാൻ നീക്കം. ഇത് സംബന്ധിച്ച് ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ മാദ്ധ്യമങ്ങളിലൂടെ അറിയിപ്പ് നൽകി. നാട്ടുകാരുടെ പ്രതിഷേധവും ആശങ്കയും നിലനിൽക്കെയാണ് ടോൾ പിരിക്കാനുള്ള നീക്കം അധികൃതർ നടത്തുന്നത്.
അതേസമയം, ടോൾ പ്ളാസയ്‌ക്ക് എതിരെ രൂപീകരിച്ച ആക്ഷൻ കമ്മിറ്റിയുടെ അടിയന്തിര യോഗം ഇന്ന് ചേരുന്നുണ്ട്. ചെയർമാൻ എകെ അഷ്റഫ് എംഎൽഎയുടെ നേതൃത്വത്തിലാണ് യോഗം ചേരുന്നത്. ടോൾ പിരിവ് ആരംഭിക്കുന്ന ബുധനാഴ്‌ച തന്നെയാണ് ടോൾ പ്ളാസയ്‌ക്കെതിരെ സമരസമിതി ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന് നൽകിയിട്ടുള്ള അപ്പീൽ ഹരജിയിൽ വിധി വരുന്നത്.
കോടതി വിധി അനുകൂലമാകുമെന്ന വിശ്വാസത്തിലാണ് അതേ ദിവസം തന്നെ ടോൾ പിരിവ് തുടങ്ങാൻ ദേശീയപാത അതോറിറ്റി തീരുമാനിച്ചതെന്നാണ് വിലയിരുത്തൽ. വിജ്‌ഞാപന പ്രകാരം എൻഎച്ച് 66ൽ തലപ്പാടി മുതൽ ചെങ്കള വരെയുള്ള ദേശീയപാത ഉപയോഗത്തിന് നവംബർ 12ന് രാവിലെ എട്ടുമണിമുതൽ ടോൾ നിലവിൽ വരുമെന്നാണ് പറയുന്നത്.
ഒരു ഭാഗത്തേക്ക് കാർ, ജീപ്പ്, വാൻ, ലൈറ്റ് മോട്ടർ വെഹിക്കിൾ എന്നിവയ്‌ക്ക് 85 രൂപയാണ് ടോൾ. മിനി ബസുകൾക്ക് 140 രൂപയും ബസുകൾക്കും ട്രക്കുകൾക്കും 295 രൂപയും വ്യാവസായിക വാഹനങ്ങൾക്ക് 320 രൂപയും എർത്ത് മൂവിങ് എക്യുപ്‌മെന്റ്, മൾട്ടി ആക്‌സിൽ വെഹിക്കിൾ എന്നിവയ്‌ക്ക് 460 രൂപയും ഏഴും അതിൽ കൂടുതൽ ആക്‌സിലുകളുള്ള വാഹനങ്ങൾക്ക് 560 രൂപയുമാണ് ടോൾ.
പ്ളാസയിൽ നിന്ന് 20 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്ന വാണിജ്യേതര വാഹന ഉടമകൾക്ക് പ്രതിമാസ നിരക്ക് 340 രൂപ ആയിരിക്കുമെന്നും വിജ്‌ഞാപനത്തിൽ പറയുന്നു. ടോൾ പ്ളാസ നിലവിൽ തലപ്പാടി ആണ്. അവിടെ നിന്ന് ആരിക്കാടിയിലേക്ക് 22 കിലോമീറ്റർ മാത്രമാണുള്ളത്. ഇത്രയും ദൂരത്തിനിടയിൽ രണ്ട് ടോൾ പ്ളാസകൾ പാടില്ലെന്ന് നിയമം ഉണ്ടായിരിക്കെയാണ് തലപ്പാടി- ചെർക്കള ഒന്നാംഘട്ട നിർമാണ പ്രവൃത്തി പൂർത്തിയായതോടെ ടോൾ ഗേറ്റ് നിർമിച്ചത്.
ഇതിനെതിരെയാണ് ആക്ഷൻ കമ്മിറ്റി ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ, ആരിക്കാടിയിലെ ടോൾ പ്ളാസ താൽക്കാലികമാണെന്നാണ് ദേശീയപാത അതോറിറ്റിയുടെ വാദം. രണ്ടാം റീച്ചിലെ ടോൾ പ്ളാസ നിർമാണം പൂർത്തിയാകുന്നതുവരെ ആരിക്കാടിയിൽ നിന്ന് ചുങ്കം പിരിക്കാനാണ് ദേശീയപാത അതോറിറ്റിയുടെ നിലവിലെ തീരുമാനം.
ഇത് കുമ്പള, മംഗൽപാടി, മഞ്ചേശ്വരം, മൊഗ്രാൽ പുത്തൂർ ഉൾപ്പടെയുള്ള പഞ്ചായത്ത് പരിധിയിലെ നൂറുകണക്കിന് ആളുകൾക്കാണ് ദുരിതമാകുന്നത്. ഇരുഭാഗങ്ങളിലേക്കും വാഹനങ്ങളുമായി പോകുമ്പോൾ ടോളിനായി വൻതുക നൽകേണ്ടി വരുമെന്ന ആശങ്കയിലാണ് നാട്ടുകാർ. 22 കിലോമീറ്റർ സഞ്ചരിക്കുന്നതിനിടെ രണ്ടുതവണ ടോൾ നൽകേണ്ടി വരുമെന്നാണ് പ്രദേശവാസികൾ പറയുന്നത്.
Most Read| ഈ പോത്തിന്റെ വില കേട്ടാൽ ഞെട്ടും; പത്ത് ബെൻസ് വാങ്ങിക്കാം!





































