മംഗലം ഡാം: ലോക്ക്‌ഡൗൺ ഇളവ് വന്നതോടെ കടപ്പാറ ആലിങ്കൽ വെള്ളച്ചാട്ടം തുറന്നെങ്കിലും സുരക്ഷയിൽ ആശങ്ക. നിലവിൽ ഓണ ദിവസമായ ഇന്നലെയൊക്കെ നിരവധി പേരാണ് ഇവിടേക്ക് എത്തിയത്. ശക്‌തമായ മഴ മൂലം വെള്ളച്ചാട്ടത്തിന്റെ ശക്‌തി കൂടിയിട്ടുണ്ട്. അതിനാൽ തന്നെ സഞ്ചാരികളെ നിയന്ത്രിക്കാനുള്ള പോലീസോ, വനം വകുപ്പ് ഉദ്യോഗസ്‌ഥരോ ഇവിടെ ഇല്ല. ഇതോടെ ഇവിടെ എത്തുന്ന സഞ്ചാരികളുടെ സുരക്ഷയിൽ ആശങ്ക നിലനിൽക്കുകയാണ്.
മംഗളം ഡാമിൽ നിന്ന് 14 കിലോമീറ്റർ അകലെയുള്ള വനത്തിലാണ് ആലിങ്കൽ വെള്ളച്ചാട്ടം സ്‌ഥിതിചെയ്യുന്നത്. കടപ്പാറ ആദിവാസി കോളനി സ്‌ഥിതിചെയ്യുന്ന വനഭാഗത്ത് കൂടിയാണ് സഞ്ചാരികൾ വെള്ളച്ചാട്ടത്തിന് അരികെ എത്തുന്നത്. നിലവിൽ ഇവിടെ ജലമൊഴുക്ക് കൂടിയതോടെയുള്ള അപകട മുന്നറിയിപ്പ് ബോർഡുകൾ പോലും സ്‌ഥാപിച്ചിട്ടില്ല.
കൂടാതെ, ഇവിടെ എത്തുന്ന സംഘം പ്രദേശം മലിനമാക്കുന്നതായും പരാതിയുണ്ട്. തിപ്പിലിക്കയം ഭാഗത്താണ് വെള്ളച്ചാട്ടത്തിന്റെ ഒഴുക്ക് ശക്‌തമായിരിക്കുന്നത്. പ്രദേശത്ത് സൂചനാ ബോർഡ് ഉൾപ്പടെയുള്ളവ സ്‌ഥാപിച്ച് പോലീസ് നിരീക്ഷണം ഏർപ്പെടുത്തണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. കൂടാതെ, അപകടങ്ങൾ ഉണ്ടാവാതിരിക്കാൻ സഞ്ചാരികളെ നിയന്ത്രിക്കണമെന്നും സുരക്ഷാക്രമീകരണങ്ങൾ ഒരുക്കണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്.
Read Also: പേരാവൂരിലെ അഗതിമന്ദിരത്തിന് സഹായ ഹസ്‌തവുമായി എംഎ യൂസഫലി