ന്യൂഡെൽഹി: ടിപി ചന്ദ്രശേഖരൻ വധക്കേസിലെ എതിർ കക്ഷികൾക്ക് സുപ്രീം കോടതി നോട്ടീസ്. കേസിൽ ഹൈക്കോടതിയുടെ ശിക്ഷാ വിധിക്കെതിരെ പ്രതികൾ നൽകിയ ഹരജിയിലാണ് കോടതി നടപടി. കേരള സർക്കാർ, ടിപി ചന്ദ്രശേഖറിന്റെ ഭാര്യയും വടകര എംഎൽഎയുമായ കെകെ രമ എന്നിവർക്കാണ് സുപ്രീം കോടതി നോട്ടീസയച്ചത്.
ആറ് ആഴ്‌ചക്കകം മറുപടി നൽകാനാണ് നിർദ്ദേശം. ജഡ്‌ജിമാരായ ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശർമ എന്നിവരുടെ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. ഹരജിയിൽ വിശദമായ വാദം കേൾക്കേണ്ടതുണ്ടെന്ന് ബെഞ്ച് നിരീക്ഷിച്ചു. ടിപി കേസുമായി ബന്ധപ്പെട്ട ഹൈക്കോടതിയിലെയും വിചാരണാ കോടതിയിലെയും ഫയലുകൾ ഹാജരാക്കാനും ബെഞ്ച് നിർദ്ദേശിച്ചു.
ഒന്ന് മുതൽ അഞ്ചുവരെയുള്ള പ്രതികളായ എംസി അനൂപ്, കിർമാണി മനോജ്, കൊടി സുനി, ടികെ രജീഷ്, കെകെ മുഹമ്മദ് ഷാഫി എന്നിവരും ഏഴാം പ്രതി കെ ഷിനോജും ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകിയതിന് പുറമെ, പ്രത്യേകാനുമതി ഹരജിയും നൽകിയിട്ടുണ്ട്. ഇവർക്കായി അഭിഭാഷകരായ രഞ്‌ജിത്ത് കുമാർ, ജി പ്രകാശ് എന്നിവർ ഹാജരായി.
വിചാരണാക്കോടതി വിട്ടയച്ചെങ്കിലും പിന്നീട് ഹൈക്കോടതി ജീവപര്യന്തം തടവ് വിധിച്ച പത്താം പ്രതി കെകെ കൃഷ്‌ണൻ, 12ആം പ്രതി ജ്യോതിബാബു എന്നിവരും സുപ്രീം കോടതിയിൽ ഹരജി നൽകിയിരുന്നു. ഇവർക്കായി മുൻ ജഡ്‌ജി എസ് നാഗമുത്തു ഹാജരായി.
അതിനിടെ, മൂന്ന് വർഷം തടവിന് ശിക്ഷിക്കപ്പെട്ട 31ആം പ്രതി ലംബു പ്രദീപന് തിരികെ കീഴടങ്ങുന്നതിൽ നിന്ന് സുപ്രീം കോടതി ഇളവ് നൽകി. ഹൈക്കോടതിയുടെ ശിക്ഷാ വിധിക്കെതിരെ പ്രദീപന്റെ അപ്പീൽ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. അതിൽ തീരുമാനം എടുക്കുംവരെ ഇളവ് വേണമെന്നാണ് പ്രദീപൻ ആവശ്യപ്പെട്ടത്.
Most Read| സപ്ളൈകോ സിഎംഡി സ്‌ഥാനത്ത് നിന്ന് ശ്രീരാം വെങ്കിട്ടരാമനെ മാറ്റി; പകരം ചുമതലയില്ല