തിരുവനന്തപുരം: ആർഎംപി നേതാവ് ടിപി ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്ക് വാരിക്കോരി പരോൾ അനുവദിച്ച് സർക്കാർ. കേസിലെ മൂന്ന് പ്രതികൾക്ക് ഒന്നാം പിണറായി സർക്കാർ അധികാരമേറ്റത് മുതൽ നൽകിയത് 1000 ദിവസത്തെ പരോളാണ്. ആറ് പ്രതികൾക്ക് 500 ദിവസത്തിലധികവും പരോൾ അനുവദിച്ചു.
നിയമസഭയിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുടെ ചോദ്യത്തിന് മറുപടിയായാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യം പറഞ്ഞത്. 1081 ദിവസത്തെ പരോളാണ് കെസി രാമചന്ദ്രന് അനുവദിച്ചത്. ട്രൗസർ മനോജിനും സിജിത്തിനും ആയിരത്തിലേറെ ദിവസം പരോൾ ലഭിച്ചു. മനോജിന് 1068 ദിവസവും സിജിത്തിന് 1078 ദിവസവും.
ടികെ രജീഷിന് 940, മുഹമ്മസ് ഷാഫിക്ക് 656, കിർമാണി മനോജിന് 851, എംസി അനൂപിന് 900, ഷിനോജിന് 925, റഫീഖിന് 752 എന്നിങ്ങനെയാണ് പരോൾ നൽകിയത്. 2018 ജനുവരി മുതൽ കൊടി സുനിക്ക് 90 ദിവസത്തെ പരോൾ മാത്രമേ അനുവദിച്ചിട്ടുള്ളൂ. എമർജൻസി ലീവ്, ഓർഡിനറി ലീവ്, കോവിഡ് സ്പെഷ്യൽ ലീവ് എന്നിങ്ങനെ മൂന്ന് വിഭാഗത്തിലാണ് പരോൾ അനുവദിച്ചത്.
ജയിൽ ചട്ടമനുസരിച്ചു പ്രതികൾക്ക് ലീവ് അനുവദിക്കുന്നതിൽ തെറ്റില്ലെന്നാണ് ജയിൽ വകുപ്പിന്റെ നിലപാട്. അതേസമയം, കൊലയാളികളെ സംരക്ഷിക്കുക എന്നത് സിപിഎമ്മിന്റെ രാഷ്ട്രീയ തീരുമാനമാണെന്നും അതാണ് ആഭ്യന്തര വകുപ്പ് നടപ്പാക്കിയതെന്നും ഹൈക്കോടതിയിൽ ചോദ്യം ചെയ്യുമെന്നും ടിപി ചന്ദ്രശേഖരന്റെ ഭാര്യയും വടകര എംഎൽയുമായ കെകെ രമ പറഞ്ഞു.
Most Read| ബ്രസീലിൽ 40 കോടി രൂപയ്ക്ക് വിറ്റു; നെല്ലോർ പശു ഒടുവിൽ ഗിന്നസ് ബുക്കിൽ






































