കോഴിക്കോട്: മണ്ണിടിച്ചിലിന്റെ പശ്‌ചാത്തലത്തിൽ താമരശ്ശേരി ചുരം റോഡ് വഴി മൾട്ടി ആക്‌സിൽ വാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി. കെഎസ്ആർടിസി ഉൾപ്പടെയുള്ള മറ്റ് വാഹനങ്ങൾ നിയന്ത്രണ വിധേയമായി കടത്തിവിടും. പോലീസിന്റെ നിയന്ത്രണത്തോടെ, ഇരു ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ കൃത്യമായ സമയം ഇടവിട്ടാകും കടത്തിവിടുക.
ജില്ലാ കലക്‌ടറുടെ അധ്യക്ഷതയിൽ ഓൺലൈനായി ചേർന്ന യോഗത്തിലാണ് തീരുമാനം. കോഴിക്കോട് ജില്ലാ കലക്‌ടർ സ്‌നേഹിൽ കുമാർ സിങ് മണ്ണിടിച്ചിൽ ഉണ്ടായ ചുരം ഭാഗത്തെത്തി സ്‌ഥിതിഗതികൾ നേരിട്ട് വിലയിരുത്തിയിരുന്നു. വരും ദിവസങ്ങളിൽ ശക്‌തമായ മഴ മുന്നറിയിപ്പ് നിലനിൽക്കുന്നില്ല. എന്നാൽ, മഴ ശക്‌തമാകുന്ന സാഹചര്യത്തിൽ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുമെന്നും ജില്ലാ കലക്‌ടർ അറിയിച്ചു.
റോഡിന് മുകളിലായുള്ള പാറയുടെ സ്‌ഥിതി പരിശോധിക്കാനായി കോഴിക്കോട് നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി സിവിൽ എൻജിനിയറിങ് വിഭാഗവുമായി ബന്ധപ്പെട്ട് നടപടി കൈക്കൊള്ളാൻ ബന്ധപ്പെട്ട ഉദ്യോഗസ്‌ഥർക്ക് കലക്‌ടർ നിർദ്ദേശം നൽകി. പാറയുടെ ഡ്രോൺ പടങ്ങൾ എടുത്ത് സ്‌ഥിതിഗതികൾ വിലയിരുത്താനും യോഗം തീരുമാനിച്ചു.
അതേസമയം, ചുരം വ്യൂപോയിന്റിൽ വിനോദസഞ്ചാരികൾക്ക് വിലക്കേർപ്പെടുത്തും. ഇവിടെ വാഹനം നിർത്തി സമയം ചിലവിടുന്നത് നിരോധിക്കും. സ്‌ഥിതിഗതികൾ പൂർവസ്‌ഥിതിയിൽ ആകുന്നതുവരെ അഗ്‌നിരക്ഷാസേനയുടെ ഒരു യൂണിറ്റിനെ ചുരത്തിൽ വിന്യസിക്കും. സ്‌ഥലത്ത് ആവശ്യമായ വെളിച്ചത്തിനുള്ള ക്രമീകരണങ്ങൾ തുടരുമെന്നും യോഗം തീരുമാനിച്ചു.
Most Read| കൗതുകമായി അഞ്ച് തലയുള്ള പന; 30 വർഷമായി സംരക്ഷിച്ച് നാട്ടുകാർ