ഈങ്ങാപ്പുഴ: താമരശ്ശേരി ചുരത്തിൽ ശനിയാഴ്ച തുടർച്ചയായി മൂന്ന് അപകടങ്ങൾ. അപകടങ്ങളെ തുടർന്ന് ചുരത്തിൽ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്കാണ് ആദ്യത്തെ അപകടം നടന്നത്. വയനാട്ടിലേക്ക് പോകുകയായിരുന്ന ടാങ്കർ ലോറിയും മരം കയറ്റി വയനാട്ടിൽ നിന്നും ചുരം ഇറങ്ങുകയായിരുന്ന മിനി ലോറിയും കൂട്ടിയിടിച്ച് മിനി ലോറി റോഡിന് നടുവിലേക്ക് മറിഞ്ഞു. രണ്ടാം വളവിൽ വെച്ചായിരുന്നു അപകടം നടന്നത്. മിനി ലോറി ഡ്രൈവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
തൊട്ടുപിന്നാലെ ബൊലേറോ ജീപ്പും ലോറിയും തമ്മിലുരസി ബൊലേറോ അഴുക്കുചാലിലേക്ക് ചാടി. ഇതിനെ തുടർന്ന് അരമണിക്കൂറോളം ഗതാഗതം പൂർണമായും സ്തംഭിച്ചു. രണ്ടാം വളവിന് സമീപത്താണ് ഇതും നടന്നത്. വൈകുന്നേരം 7ന് ചിപ്പിലിത്തോട്ടിൽ ബൈക്ക് തെന്നിമറഞ്ഞ് കക്കോടി സ്വദേശി ഫിറോസിന് സാരമായി പരിക്കേറ്റു. അപകടത്തെ തുടർന്ന് ഓടിക്കൂടിയ നാട്ടുകാർ ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തുടർച്ചയായ അപകടങ്ങളെ തുടർന്ന് ചുരം സംരക്ഷണ സമിതി പ്രവർത്തകരും ട്രാഫിക് പോലീസും ചേർന്നാണ് ചുരത്തിലെ ഗതാഗതം നിയന്ത്രിച്ചത്. അടിവാരത്തുനിന്ന് ക്രെയിനെത്തിച്ചാണ് വാഹനങ്ങൾ മാറ്റി ഗതാഗതം പൂർവസ്ഥിതിയിലാക്കിയത്.
വാഹനങ്ങളുടെ അമിത വേഗത ചുരത്തിൽ യാത്രാതടസം സൃഷ്ടിക്കുന്നുണ്ടെന്ന് ആക്ഷേപം ഉയരുന്നുണ്ട്. കൂടാതെ അനുവദനീയമല്ലാത്ത ഇടങ്ങളിൽ വാഹനങ്ങൾ മറികടക്കുന്നതും അമിതഭാരം കയറ്റിയ ലോറികളെത്തുന്നതും അപകടങ്ങൾ പതിവാകാൻ കാരണമാകുന്നു.
Read also: ആദ്യഘട്ട തിരഞ്ഞെടുപ്പ്; പരസ്യ പ്രചാരണം ഇന്ന് വൈകിട്ട് 6 ന് അവസാനിക്കും