കൊല്ലം: പുനലൂർ കരവാളൂർ മാവിളയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് മൂന്നുമരണം. ഓട്ടോയിൽ ഉണ്ടായിരുന്നവരാണ് മരിച്ചത്.
അഞ്ചൽ തഴമേൽ ജയജോതി ഭവനിൽ രഘു-ബിന്ദു ദാമ്പതികളുടെ മകളും ബെംഗളൂരുവിൽ നഴ്സിങ് വിദ്യാർഥിനിയുമായിരുന്ന ജ്യോതി ലക്ഷ്മി (21), കരവാളൂർ നീലാമ്മാൾ പള്ളിവടക്കതിൽ സുനിൽ- ബിനി ദമ്പതികളുടെ മൂത്ത മകൾ കരവാളൂർ എഎംഎച്ച്എസ് പത്താം ക്ളാസ് വിദ്യാർഥിനി ശ്രുതി ലക്ഷ്മി (16), ഓട്ടോ ഡ്രൈവർ അഞ്ചൽ തഴമേൽ ചൂരക്കാകുളം കുരിശടി കവലയിൽ അക്ഷയ് ഭവനിൽ അക്ഷയ് (23) എന്നിവരാണ് മരിച്ചത്.
അഞ്ചലിൽ നിന്നും ഓട്ടോറിക്ഷയിൽ കരവാളൂരിലേക്ക് വരുന്ന സമയത്ത് മാവിള ക്ഷേത്രത്തിന് സമീപത്ത് വെച്ച് ശബരിമല തീർഥാടക സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസിൽ ഇടിക്കുകയായിരുന്നു. ഓട്ടോ ഡ്രൈവർ തൽക്ഷണം മരിച്ചു. ശ്രുതി ലക്ഷ്മിയും ജ്യോതി ലക്ഷ്മിയും സഹോദരിമാരുടെ മക്കളാണ്.
അഞ്ചൽ മിഷൻ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന ഇരുവരുടെയും മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. ശ്രുതി ലക്ഷ്മിയുടെ മാതാവ് കുവൈത്തിൽ ആയതിനാൽ സംസ്കാരം പിന്നീട് നടക്കുമെന്ന് ബന്ധുക്കൾ പറഞ്ഞു.
Most Read| 8.28 കിലോ ഭാരം! ലോകത്തിലെ ഏറ്റവും ഭാരമേറിയ കൈതച്ചക്ക ഓസ്ട്രേലിയയിൽ


































