തുറവൂർ: അരൂർ തുറവൂർ ഉയരപ്പാത നിർമാണം നടക്കുന്ന എരമല്ലൂർ തെക്കുഭാഗത്ത് ഗാർഡറുകൾ സ്‌ഥാപിക്കുന്നതിനിടെ ജാക്കിയിൽ നിന്ന് തെന്നിയ കോൺക്രീറ്റ് ഗർഡുകൾ പിക്കപ്പ് വാനിന് മുകളിലേക്ക് വീണ് ഡ്രൈവർക്ക് ദാരുണാന്ത്യം. ഹരിപ്പാട് പള്ളിപ്പാട് ജിഷ്‌ണു ഭവനിൽ രാജേഷ് ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 2.30നായിരുന്നു അപകടം.
മൂന്ന് ഗർഡറുകളാണ് ഈ ഭാഗത്ത് സ്‌ഥാപിച്ചത്. ഇതിൽ ഒരെണ്ണം പൂർണമായി നിലംപതിച്ചു. മറ്റൊന്ന് ചരിഞ്ഞ നിലയിലാണ്. മൂന്നര മണിക്കൂറിന് ശേഷമാണ് ഗർഡർ ഉയർത്തി വാഹനം പൊളിച്ച് മൃതദേഹം പുറത്തെടുത്തത്. അപകടത്തിന്റെ പശ്‌ചാത്തലത്തിൽ വാഹനങ്ങൾ വഴിതിരിച്ചുവിട്ടു.
ചേർത്തല ഭാഗത്ത് നിന്ന് എറണാകുളത്തേക്കുള്ള വാഹനങ്ങൾ അരൂക്കുറ്റി വഴി അരൂർ ക്ഷേത്രത്തിന്റെ ഭാഗത്തുകൂടി എറണാകുളത്തേക്ക് വഴിതിരിച്ചുവിട്ടു. നിലവിൽ സ്‌ഥലത്ത് വലിയ ഗതാഗതക്കുരിക്കില്ല. ഗർഡറുകൾ സ്‌ഥാപിക്കുമ്പോൾ ഹൈഡ്രോളിക് ജാക്കി തകരാറിലായതാണ് അപകടത്തിന് കാരണം.
തൂണുകൾക്ക് മുകളിലെ ചിറക് വിരിച്ചിരിക്കുന്ന പിയർ ക്യാപ്പിന് മുകളിലുള്ള ബീയറിങ്ങിലാണ് ഗർഡുകൾ സ്‌ഥാപിക്കുന്നത്. സാധാരണ ലോഞ്ചിങ് ഗാൻട്രിയുടെ സഹായത്തോടെയാണ് കോൺക്രീറ്റ് ഗർഡുകൾ സ്‌ഥാപിക്കുന്നത്. എന്നാൽ, ഇവിടെ ടോൾപ്ളാസ വരുന്നയിടമായതിനാൽ ലോഞ്ചിങ് ഗാൻട്രി സ്‌ഥാപിക്കാൻ കഴിയില്ല. ഇതോടെ രണ്ട് ക്രെയ്‌നുകൾ ഉപയോഗിച്ചാണ് 32 മീറ്റർ നീളവും 80 ടൺ ഭാരവുമുള്ള കോൺക്രീറ്റ് ഗർഡുകൾ സ്‌ഥാപിക്കുന്നത്.
തൂണുകൾക്ക് മുകളിലെ ഹൈഡ്രോളിക് ജാക്കികൾക്ക് മുകളിൽ ഗർഡുകൾ കയറ്റി ഇവിടെ നിന്ന് ബീയറിങ്ങിന് മുകളിലേക്ക് ഉയർത്തിമാറ്റുന്നതിനിടെ രണ്ട് തൂണുകളിൽ ഒരു ഭാഗത്തുണ്ടായിരുന്ന ഹൈഡ്രോളിക് ജാക്കി തകരാറിലായതോടെ കോൺക്രീറ്റ് ഗർഡുകൾ ചരിയുകയും താഴേക്ക് പതിക്കുകയുമായിരുന്നു.
രാജേഷ് തമിഴ്‌നാട്ടിൽ നിന്ന് മുട്ട എടുത്തശേഷം തിരികെ വരികയായിരുന്നെന്ന് വാഹന ഉടമ പറഞ്ഞു. ഗർഡറുകൾ സ്‌ഥാപിക്കുന്ന പണിക്കാരുടെ അനാസ്‌ഥ കൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്. സ്‌ഥിരം ഡ്രൈവർ വരാത്തതിനാലാണ് രാജേഷ് വാഹനം ഓടിക്കാൻ എത്തിയതെന്നും ഉടമ പറഞ്ഞു. രണ്ടുദിവസം മുമ്പാണ് രാജേഷ് തമിഴ്‌നാട്ടിലേക്ക് പോയത്. ഭാര്യയും രണ്ടു മക്കളുമുണ്ട്. വണ്ടിയിൽ രാജേഷ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.
Most Read| ലോകത്ത് നിർബന്ധമായും കണ്ടിരിക്കേണ്ട സ്‌ഥലങ്ങൾ; പട്ടികയിൽ കൊച്ചിയും



































