കൊല്ലം: ഇന്നലെ വരെ കളിച്ചു നടന്ന, ജീവൻ നിലച്ച തേവലക്കര ബോയ്‌സ് സ്‌കൂൾ മുറ്റത്തേക്ക് ഒരിക്കൽ കൂടി മിഥുൻ എത്തി, ജീവനറ്റ ശരീരമായി. ശാസ്‌താംകോട്ട താലൂക്ക് ആശുപത്രിയിൽ നിന്നും വിലാപയാത്രയായാണ് മിഥുന്റെ മൃതദേഹം സ്‌കൂൾ മുറ്റത്ത് എത്തിച്ചത്. ആംബുലൻസ് കടന്നുവന്ന വഴിയോരങ്ങളിലും നാൽക്കവലകളിലും നിരവധി പേരാണ് മിഥുനെ അവസാനമായി ഒരുനോക്ക് കാണാൻ എത്തിയത്.
തേവലക്കര സ്‌കൂളിൽ അവനെ കാത്തിരുന്നത് അവന്റെ സഹപാഠികളും പ്രിയപ്പെട്ട അധ്യാപകരും മാത്രമായിരുന്നില്ല, ഒരു നാടൊന്നാകെ ആയിരുന്നു. രാവിലെ മുതൽ നിർത്താതെ പെയ്യുന്ന മഴയിൽ കണ്ടുനിന്നവരുടെയെല്ലാം കണ്ണുനീർ അലിഞ്ഞുചേർന്നു. അധ്യാപകരും കൂട്ടുകാരും വിങ്ങിപ്പൊട്ടി.
മൃതദേഹം ശാസ്‌താംകോട്ട വിളന്തറയിലെ വീട്ടിലേക്ക് കൊണ്ടുപോകും. വൈകീട്ട് അഞ്ചുമണിയോടെ വീട്ടുവളപ്പിലാണ് സംസ്‌കാരം. സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് നിർമിച്ച സൈക്കിൾ ഷെഡിന് മുകളിലൂടെ കടന്നുപോകുന്ന വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റാണ് വ്യാഴാഴ്‌ച മിഥുൻ മരിച്ചത്.
മിഥുന്റെ അമ്മ സുജയും മകന് അവസാനമായി ഒരുനോക്ക് കാണാൻ നാട്ടിലെത്തിയിട്ടുണ്ട്. തുർക്കിയിലായിരുന്ന സുജ ഇൻഡിഗോ വിമാനത്തിലാണ് ഇന്ന് രാവിലെ കൊച്ചിയിലെത്തിയത്. ഇളയമകൻ സുജിനെ കണ്ടതോടെ അവനെ ചേർത്തുപിടിച്ച് സുജ പൊട്ടിക്കരഞ്ഞു. നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിലിറങ്ങിയ സുജയെ ബന്ധുക്കൾ വീട്ടിലേക്ക് കൊണ്ടുപോയി. ഉച്ചയോടെ ഇവർ വീട്ടിലെത്തും.
Most Read| ഹൂതി ആക്രമണം; കപ്പലിൽ നിന്ന് കാണാതായ അനിൽകുമാർ യെമനിൽ, ഭാര്യയെ വിളിച്ചു