ന്യൂയോർക്ക്: ഇന്ത്യക്കുമേൽ കടുത്ത നടപടിയുമായി യുഎസ്. ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് വീണ്ടും 25% തീരുവ ചുമത്തി. ഇത് സംബന്ധിച്ച് എക്‌സിക്യൂട്ടീവ് ഉത്തരവിൽ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് ഒപ്പുവെച്ചു. നേരത്തെ ചുമത്തിയ 25% തീരുവയ്‌ക്ക് പുറമേയാണിത്. ഇതോടെ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് മേലുള്ള ആകെ തീരുവ 50% ആയി.
ഏഷ്യൻ രാജ്യങ്ങളിൽ ഏറ്റവുമധികം തീരുവ ഇന്ത്യക്കാണ്. അടുത്ത 24 മണിക്കൂറിനുള്ളിൽ ഇന്ത്യക്കുമേലുള്ള തീരുവ കാര്യമായ തോതിൽ വർധിപ്പിക്കുമെന്ന് സിഎൻബിസി ചാനലിലെ പരിപാടിയിൽ ട്രംപ് കഴിഞ്ഞദിവസം വ്യക്‌തമാക്കിയിരുന്നു.
”ഇന്ത്യയുമായി യുഎസ് കാര്യമായ വ്യാപാരം നടത്തുന്നില്ല. ഏറ്റവും കൂടുതൽ തീരുവ ചുമത്തുന്ന രാജ്യമാണ് ഇന്ത്യ. അതുകൊണ്ടാണ് 25% തീരുവ ചുമത്തിയത്. റഷ്യയിൽ നിന്ന് അവർ ഇപ്പോഴും എണ്ണ വാങ്ങുന്നതുകൊണ്ട് തീരുവ കൂട്ടാൻ പോവുകയാണ്. യുദ്ധത്തിന് ഇന്ധനം പകരുകയാണ് ഇന്ത്യ”- ട്രംപ് പറഞ്ഞു. ഇന്ത്യയുമായുള്ള വ്യാപാരക്കരാറിന് തടസമായി നിൽക്കുന്നത് തീരുവയാണെന്നും ട്രംപ് തുറന്നടിച്ചിരുന്നു.
ഇന്ത്യക്കെതിരെ കഴിഞ്ഞദിവസവും ട്രംപ് ഭീഷണി മുഴക്കിയിരുന്നു. മറുപടിയെന്നോണം ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്‌താവനയിൽ, റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയുടെ പേരിൽ യുഎസും യൂറോപ്യൻ യൂണിയനും ഇന്ത്യയെ ഉന്നംവയ്‌ക്കുന്നത് അനീതിയാണെന്ന് പ്രതികരിച്ചു.
ഇന്ത്യയുടെ വ്യാപാര, നയതന്ത്ര നയങ്ങളെ നിശിതമായി വിമർശിച്ചാണ് പകരം തീരുവ മരവിപ്പിച്ചതിന്റെ കാലാവധി ഓഗസ്‌റ്റ് ഒന്ന് മുതൽ ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങൾക്ക് 25% പകരം തീരുവയും പിഴയും ട്രംപ് പ്രഖ്യാപിച്ചത്.
Most Read| കടൽവെള്ളത്തിന് ഇളം ചുവപ്പ് നിറം! എന്തെന്ന് മനസിലാവാതെ എടക്കഴിയൂർ ഗ്രാമം