വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസിസ് മാർപ്പാപ്പയുടെ വിയോഗത്തിൽ കണ്ണീരണിഞ്ഞ് ലോകമെമ്പാടുമുള്ള ക്രൈസ്‌തവ മത വിശ്വാസികൾ. രാഷ്‌ട്രീയ പ്രമുഖരും മതമേലധ്യക്ഷൻമാരും അനുശോചനം രേഖപ്പെടുത്തി. കാരുണ്യത്തിന്റെയും വിനയത്തിന്റെയും പ്രതീകമായി മാർപ്പാപ്പയെ ലോകമെമ്പാടുമുള്ളവർ ഓർമിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു.
2013 ഏപ്രിൽ 13നാണ് 266ആം മാർപ്പാപ്പയായി ഇറ്റാലിയൻ വംശജനായ അർജന്റീനക്കാരൻ കർദിനാൾ ജോർജ് മാരിയോ ബിർഗോളിയോയെ തിരഞ്ഞെടുത്തത്. ബെനഡിക്‌ട് പതിനാറാമൻ മാർപ്പാപ്പ രാജിവെച്ചതിന് പിന്നാലെയാണ് ഫ്രാൻസിസ് മാർപ്പാപ്പ സഭയുടെ അമരത്ത് എത്തിയത്. മാർപ്പാപ്പ കാലം ചെയ്‌തതോടെ ആഗോള കത്തോലിക്കാ സഭയുടെ അധ്യക്ഷ സ്‌ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടക്കും.
കർദിനാൾമാർ കോൺക്ളേവ് കൂടിയായിരിക്കും പുതിയ മാർപ്പാപ്പയെ തിരഞ്ഞെടുക്കുക. നിലവിലെ മാർപ്പാപ്പ മരിച്ച് 15 മുതൽ 20 ദിവസത്തിനുള്ളിൽ കോൺക്ളേവ് കൂടും. 80 വയസിന് താഴെയുള്ള കർദിനാൾമാരാണ് ഇതിനായി വത്തിക്കാനിൽ ഒത്തുകൂടുക. അവരെ സിസ്‌റ്റൈൻ പള്ളിക്കുള്ളിൽ പൂട്ടിയിടും. ഫോണോ മറ്റു മാദ്ധ്യമങ്ങളോ അനുവദിക്കാതെ പുറം ലോകവുമായുള്ള ബന്ധം പൂർണമായി വിച്‌ഛേദിച്ച ശേഷമായിരിക്കും തിരഞ്ഞെടുപ്പ് നടത്തുക. ഒരു സ്‌ഥാനാർഥിക്ക് മുന്നിൽ രണ്ടുഭൂരിപക്ഷം ലഭിക്കുന്നതുവരെ വോട്ടെടുപ്പ് നടത്തും.
ഓരോ വോട്ടെടുപ്പിന് ശേഷവും ബാലറ്റുകൾ കത്തിക്കും. അവയിൽ നിന്നുവരുന്ന കറുത്ത പുക മാർപ്പാപ്പയെ തിരഞ്ഞെടുത്തിട്ടില്ലെന്നും വെളുത്ത പുക മാർപ്പാപ്പയെ തിരഞ്ഞെടുത്തുവെന്നും സൂചിപ്പിക്കുന്നു. പുതിയ മാർപ്പാപ്പയെ തിരഞ്ഞെടുത്തതിനുശേഷം അദ്ദേഹം, ആ പദവിയിലിരിക്കാൻ സന്നദ്ധനാണോ എന്ന് ഔദ്യോഗികമായി ചോദിക്കും. സമ്മതിക്കുകയാണെങ്കിൽ മുമ്പുള്ള വിശുദ്ധൻമാരിൽ ആരുടെയെങ്കിലും ഒരാളുടെ പേര് സ്വന്തം പേരായി തിരഞ്ഞെടുക്കണം.
ലോകമെമ്പാടുമുള്ള 252 കർദിനാൾമാരിൽ 138 പേർക്ക് വോട്ടെടുപ്പിൽ പങ്കെടുക്കാനാകും. 138ൽ 109 പേരെ ഫ്രാൻസിസ് മാർപ്പാപ്പയും 22 പേരെ അദ്ദേഹത്തിന്റെ മുൻഗാമിയായ ബെനഡിക്‌ട് പതിനാറാമൻ മാർപ്പാപ്പയുമാണ് നിയമിച്ചത്. ഏറ്റവും കൂടുതൽ കർദിനാൾമാരുള്ളത് യൂറോപ്പിലാണ്. 39% വോട്ട് ഇവിടെനിന്നാണ് ലഭിക്കുക. ഏഷ്യ- ഓഷ്യാന മേഖലകളിൽ നിന്നായി 20 ശതമാനത്തോളം വോട്ടുകളും ലഭിക്കും.
ഇന്ത്യയിൽ നിന്നുള്ള നാലുപേർ വോട്ടെടുപ്പിൽ പങ്കെടുക്കും. ഇതിൽ കേരളത്തിൽ നിന്നുള്ള രണ്ടുപേരും ഉൾപ്പെടുന്നു. കത്തോലിക്കാ സഭയ്‌ക്ക് ഇന്ത്യയിൽ ആറ് കർദിനാൾമാർ ഉണ്ടെങ്കിലും 80 വയസുള്ള കർദിനാൾ ഓസ്‌വാൾഡ് ഗ്രേഷ്യസും 79 വയസുള്ള മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കും വോട്ട് ചെയ്യാൻ സാധിക്കില്ല.
സിറോ മലങ്കര സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ബസേലിയോസ് ക്ളിമീസ് കാതോലിക്കാബാവ, കർദിനാൾ മാർ ജോർജ് ജേക്കബ് കൂവക്കാട്, കർദിനാൾ ഫിലിപ്പ് നെറി ഫെറാറോ, കർദിനാൾ ആന്റണി പൂല എന്നിവർക്കാണ് തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനുള്ള അവകാശമുള്ളത്.
മാർപ്പാപ്പയുടെ മരണശേഷം നാലുമുതൽ ആറ് ദിവസത്തിനുള്ളിൽ ഭൗതികശരീരം സംസ്‌കരിക്കണം. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലായിരിക്കും സംസ്‌കാരം. തുടർന്ന് ഒമ്പത് ദിവസത്തെ ദുഃഖാചരണം നടത്തും.
Most Read| ലോകത്തിലെ ഏറ്റവും വലിയ വായ; ലോക റെക്കോർഡ് നേടി മേരി പേൾ