കൊല്ലം: ജില്ലയിലെ ചടയമംഗലത്ത് മീൻ വിൽക്കാനെത്തി വിവരങ്ങൾ ശേഖരിച്ച ശേഷം ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയെ ആക്രമിച്ച് 3 പവൻ സ്വർണം കവർന്ന കേസിൽ 2 പേർ അറസ്റ്റിൽ. ചടയമംഗലം പോരേടം സ്വദേശികളായ ഷാൻ , മുഹമ്മദ് റാസി എന്നിവരാണ് അറസ്റ്റിലായത്. പോരേടം ഒല്ലൂർകോണം സ്വദേശിനിയായ അമീറത്തു ബീവി(80)യുടെ 3 പവന്റെ മാലയാണ് ഇരുവരും കവർന്നത്.
പ്രതികൾ രണ്ടു പേരും ഓട്ടോറിക്ഷയിൽ പ്രദേശത്ത് മീൻ വിൽക്കുന്നവരാണ്. ഇവരുടെ കയ്യിൽ നിന്നാണ് അമീറത്തു ബീവിയും മീൻ വാങ്ങിയിരുന്നത്. തുടർന്നാണ് വയോധിക ഒറ്റയ്ക്കാണ് താമസിക്കുന്നതെന്ന് ഇരുവരും തിരിച്ചറിഞ്ഞതും, മോഷണം നടത്താൻ പദ്ധതി തയ്യാറാക്കിയതും. കഴിഞ്ഞ ദിവസം രാത്രി 8 മണിയോടെയാണ് ഇരുവരും വയോധികയുടെ വീട്ടിൽ മോഷണം നടത്തിയത്.
ബൈക്കിൽ എത്തിയ പ്രതികൾ വീട്ടിലെ ഫ്യൂസ് ഊരി വൈദ്യുതി ബന്ധം തടസപ്പെടുത്തിയ ശേഷം വയോധികയെ കഴുത്തിൽ കുത്തിപ്പിടിച്ചു വായും മൂക്കും പൊത്തി തറയിൽ തള്ളിയിട്ട് സ്വർണ മാല പൊട്ടിച്ചെടുത്ത് രക്ഷപെടുകയായിരുന്നു. തുടർന്ന് പോലീസിൽ പരാതി നൽകിയതിന് പിന്നാലെ സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്. അറസ്റ്റിലായ പ്രതികളെ നിലവിൽ റിമാൻഡ് ചെയ്തിരിക്കുകയാണ്.
Read also: ഹിന്ദി പരിപാടികൾ കൂടുതൽ; തിരുവനന്തപുരം ആകാശവാണി ഓഫിസിന് മുമ്പിൽ പ്രതിഷേധം




































