തിരുവനന്തപുരം: കോർപറേഷൻ മുട്ടട വാർഡിൽ കോൺഗ്രസിന് തിരിച്ചടി. കോൺഗ്രസിന്റെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥി വൈഷ്ണ സുരേഷിന്റെ പേര് സപ്ളിമെന്ററി വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്തു. സിപിഎമ്മിന്റെ പരാതി അംഗീകരിച്ചാണ് പേര് നീക്കം ചെയ്തത്. ഇതിനെതിരെ അപ്പീൽ നൽകാനാണ് കോൺഗ്രസിന്റെ തീരുമാനം.
കോർപറേഷനിലെ ഏതെങ്കിലും വാർഡിലെ വോട്ടർട്ടികയിൽ പേര് ഉണ്ടെങ്കിലേ കൗൺസിലിലേക്ക് മൽസരിക്കാൻ കഴിയൂ എന്നതാണ് ചട്ടം. വോട്ടർ പട്ടികയിൽ വൈഷ്ണയുടെ പേരില്ലെന്ന് സിപിഎം പരാതിപ്പെട്ടിരുന്നു. സപ്ളിമെന്ററി വോട്ടർപട്ടിക പ്രസിദ്ധീകരിക്കാത്തതിനാൽ പരിശോധിക്കാൻ കഴിഞ്ഞിരുന്നില്ല.
അതിനാൽ വൈഷ്ണയ്ക്ക് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുമായില്ല. പട്ടിക ആവശ്യപ്പെട്ടുള്ള വൈഷ്ണയുടെ അപേക്ഷയുടെയും സിപിഎമ്മിന്റെ പരാതിയുടെയും അടിസ്ഥാനത്തിൽ ഹിയറിങ്ങിന് ശേഷമാണ് തീരുമാനമെടുത്തത്.
വൈഷ്ണയുടെ വോട്ടർപട്ടിക അപേക്ഷയിൽ കെട്ടിടത്തിന്റെ ടിസി നമ്പർ 18/564 എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഈ നമ്പറിൽ താമസിക്കുന്നത് മറ്റൊരു കുടുംബമാണെന്നും വൈഷ്ണയ്ക്ക് ഇവരുമായി ബന്ധമില്ലെന്നും ഈ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്നില്ലെന്നുമാണ് സിപിഎം ആരോപണം.
എന്നാൽ, താൻ താമസിക്കുന്ന വീടിന്റെ നമ്പർ ടിസി 18/2365 ആണെന്നും വോട്ടർപട്ടികയിൽ പേരിനൊപ്പം ചേർന്നിരിക്കുന്ന നമ്പറിലാണ് അപേക്ഷ സമർപ്പിച്ചതെന്നും വൈഷ്ണ പറഞ്ഞു. ഇതുസംബന്ധിച്ച് കോർപറേഷനിലെ തിരഞ്ഞെടുപ്പ് സെൽ ആവശ്യപ്പെട്ട രേഖകകൾ കൈമാറി.
അമ്പലമുക്ക് വാർഡിൽ വാടകയ്ക്ക് താമസിക്കുന്ന വൈഷ്ണയുടെ പിതാവിന്റെ കുടുംബവീട് മുട്ടട വാർഡിലാണ്. ഈ മേൽവിലാസമാണ് എല്ലാ രേഖകളിലും ഉള്ളത്. തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡിലെ നമ്പറും ഇതാണ്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇതേ വിലാസത്തിലെ കാർഡ് ഉപയോഗിച്ച് വോട്ട് ചെയ്തിരുന്നു. നിലവിൽ കേശവദാസപുറം കൗൺസിലറായ അംശു വാമദേവനാണ് മുട്ടടയിലെ എൽഡിഎഫ് സ്ഥാനാർഥി.
Most Read| കോഴിമുട്ടകളേക്കാൾ 160 ഇരട്ടി വലിപ്പം; ഭൂമിയിലെ ഏറ്റവും വലിയ പക്ഷിമുട്ട!







































