ഇന്നലെ ‘കള്ള് പാട്ട്’ എന്ന പേരിൽ അണിയറ പ്രവർത്തകർ റിലീസ് ചെയ്ത ‘ഉടുമ്പ്’ എന്ന ചിത്രത്തിലെ പുതിയ ഗാനം മികച്ച ആസ്വാദനാനുഭവം നൽകുന്നതായി. സമൂഹ മാദ്ധ്യമങ്ങളിൽ ഇതിനോടകം ശ്രദ്ധേയമായ ഗാനം ആസ്വാദകരെ ഏറ്റുപാടാൻ പ്രേരിപ്പിക്കുന്ന രീതിയിലാണ് സൃഷ്ടിച്ചിരിക്കുന്നത്.
വരികളിലെയും ആലാപനത്തിലെയും വൈവിധ്യത ആസ്വാദക ഹൃദയങ്ങളെ ചേർത്തു നിറുത്താൻ കാരണമായിട്ടുണ്ട്. ശെന്തിൽ കൃഷ്ണയെ നായകനാക്കി കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ഉടുമ്പ്’. ചലച്ചിത്ര താരങ്ങളായ ബിജു മേനോൻ, ഉണ്ണി മുകുന്ദൻ, ആസിഫ് അലി എന്നിവർ ചേർന്നാണ് അവരവരുടെ ഫേസ്ബുക്ക് പേജിലൂടെ ഗാനം ഇന്നലെ പുറത്തിറക്കിയത്.
രാജീവ് ആലുങ്കൽ കുറിച്ച വരികൾക്ക് സംഗീതം ഒരുക്കിയത് സാനന്ദ് ജോർജ് ഗ്രേസ് ആണ്. റിയാലിറ്റി ഷോ താരം ഇമ്രാൻ ഖാൻ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ആടുപുലിയാട്ടം, അച്ചായൻസ്, പട്ടാഭിരാമൻ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ കണ്ണൻ താമരക്കുളം ‘ഡാർക്ക് ത്രില്ലറായി’ ഒരുക്കുന്ന ചിത്രത്തിൽ ശെന്തിൽ കൃഷ്ണക്കൊപ്പം അലൻസിയർ ലോപ്പസ്, ഹരീഷ് പേരാടി, ധർമ്മജൻ ബോൾഗാട്ടി, സാജൽ സുദർശൻ, മൻരാജ്, മുഹമ്മദ് ഫൈസൽ, വികെ ബൈജു, ജിബിൻ സാഹിബ്, എൽദോ ടിടി പുതുമുഖങ്ങളായ ആഞ്ചലീന, യാമി, ശ്രേയ അയ്യർ തുടങ്ങിയവരും അഭിനയിക്കുന്നു.
2008 ൽ പുറത്തിറങ്ങിയ ഗുൽമോഹറിൽ ചെറിയ വേഷം ചെയ്തുകൊണ്ട് ചലച്ചിത്ര നടനരംഗത്തേക്ക് പ്രവേശിച്ച ശെന്തിൽ കൃഷ്ണ, വിനയൻ സംവിധാനം ചെയ്ത ‘ചാലക്കുടിക്കാരൻ ചങ്ങാതി’ എന്ന സിനിമയിലൂടെയാണ് നായകനായത്. ഏഷ്യാനെറ്റ്, കൈരളി ടിവി, ജയ്ഹിന്ദ് ടിവി എന്നിവയിലെ സീരിയലുകളിലും ശെന്തിൽ അഭിനയിച്ചിട്ടുണ്ട്. മഞ്ജു വാര്യർ നായികയായി എത്തിയ ‘മോഹൻലാൽ’ എന്ന സിനിമയിൽ കനകാംബരൻ എന്ന കഥാപാത്രത്തിന് ജീവൻ നൽകിയത് ശെന്തിൽ കൃഷ്ണയാണ്. മൈ ഗ്രേറ്റ് ഫാദർ, ആകാശഗംഗ 2, വൈറസ് തുടങ്ങിയ സിനിമകളിലും ശ്രദ്ധേയ വേഷം ചെയ്തിട്ടുണ്ട് ശെന്തിൽ കൃഷ്ണ.
ത്രില്ലർ പാശ്ചാതലത്തിൽ ഒരുക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് അനീഷ് സഹദേവനും ശ്രീജിത്ത് ശശിധരനും ചേർന്നാണ്. രവിചന്ദ്രനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. 24 മോഷന്‍ ഫിലിംസും കെടി മൂവി ഹൗസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ ചിത്രത്തിന്റെ ലൈൻ പ്രൊഡ്യൂസറാവുന്നു.
ആക്ഷന്‍ പ്രാധാന്യം നൽകി ഒരുക്കിയിരിക്കുന്ന ‘ഉടുമ്പ്’ലെ ടീസറിലും സംഘട്ടന രംഗങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. തികച്ചും വ്യത്യസ്തമായ ഗെറ്റപ്പിലാണ് ശെന്തിൽ കൃഷ്ണ ചിത്രത്തിൽ എത്തുന്നത്. ഏറെ ആകാംക്ഷ ഉണർത്തുന്ന ചിത്രത്തിന്റെ ടീസർ ഇവിടെ കാണാം.
സാനന്ദ് ജോര്‍ജ് ഗ്രേസ് ആണ് സംഗീതം. നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ദേയനായ വിടി ശ്രീജിത്ത് എഡിറ്റിങ് നിര്‍വഹിക്കുന്നു. വൈലൻസിന് പ്രാധാന്യമുള്ള ചിത്രത്തില്‍ ബ്രൂസ്ലീ രാജേഷ് ആക്ഷൻ കൈകാര്യം ചെയ്യുന്നു. ഷിജു മുപ്പത്തേടം, ശ്രീജിത്ത് ശിവനന്ദൻ എന്നിവർ ചേർന്ന് കൊറിയോഗ്രഫി നിർവഹിക്കുന്നു.
കലാ സംവിധാനം- സഹസ് ബാല, അസോസിയേറ്റ് ഡയറക്ടർ- സുരേഷ് ഇളമ്പല്‍, പ്രൊഡക്ഷന്‍ കണ്‍ഡ്രോളര്‍- അഭിലാഷ് അര്ജുന്, ഗാനരചന- രാജീവ് ആലുങ്കൽ, ഹരി നാരായണൻ, മേക്കപ്പ്- പ്രദീപ് രംഗന്, വസ്ത്രാലങ്കാരം- സുല്‍ത്താന റസാഖ്, പിആർഒ പി ശിവപ്രസാദ്, സുനിത സുനില്‍, സ്റ്റിൽസ്- ശ്രീജിത്ത് ചെട്ടിപ്പടി എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. മെയ്മാസത്തിൽ ചിത്രം റിലീസിനെത്തിക്കാനാണ് അണിയറ പ്രവർത്തകരുടെ ശ്രമം.
Most Read: കുടിലിൽ ജനിച്ച ഐഐഎം പ്രൊഫസറുടെ ജീവിതകഥ; പ്രചോദനമായി ഒരു ചെറുപ്പക്കാരൻ







































