കൊച്ചി: കലൂർ സ്‌റ്റേഡിയത്തിലെ ഗാലറിയിൽ നിന്ന് കാൽവഴുതി വീണ് ഉമാ തോമസ് എംഎൽഎയ്‌ക്ക് ഗുരുതര പരിക്ക്. ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് നർത്തകിയും സിനിമാ താരവുമായ ദിവ്യ ഉണ്ണി സംഘടിപ്പിച്ച മൃദംഗനാദം നൃത്ത സന്ധ്യക്ക് എത്തിയതായിരുന്നു എംഎൽഎ. 12,000 പേർ പങ്കെടുത്ത ചടങ്ങായിരുന്നു ഇത്.
വിഐപി ഗാലറിയുടെ വശത്ത് നിന്ന് എംഎൽഎ പെട്ടെന്ന് താഴേക്ക് വീഴുകയായിരുന്നു. ബാരിക്കേഡ് സ്‌ഥാപിച്ച പൈപ്പ് വീണ് തലയ്‌ക്ക് പരിക്കേറ്റിട്ടുണ്ട്. എംഎൽഎയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കളക്‌ടർ അടക്കമുള്ളവർ ആശുപത്രിയിൽ എത്തി. 15 അടി ഉയരത്തിൽ നിന്നാണ് എംഎൽഎ വീണത്.
വിഐപികൾക്കായി 40 കസേരകൾ ഇട്ടിരുന്നു. അവിടെ മന്ത്രി സജി ചെറിയാനും മറ്റു വിഐപികളും ഇരിക്കുന്നുണ്ടായിരുന്നു. അവിടേക്ക് നടന്ന് വന്നപ്പോഴാണ് എംഎൽഎ താഴെ വീണത്. കോൺക്രീറ്റിൽ തലയിടിച്ചതായി ദൃക്‌സാക്ഷികൾ പറഞ്ഞു. രക്‌തസ്രാവമുണ്ടായതിനെ തുടർന്ന് ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി.
കൊണ്ടുപോകുമ്പോൾ എംഎൽഎയ്‌ക്ക് ബോധമുണ്ടായിരുന്നു. ഉടൻ തന്നെ വെന്റിലേറ്ററിലേക്ക് മാറ്റി. എംഎൽഎയെ സ്‌കാനിങ്ങിന് വിധേയമാക്കി. തലയ്‌ക്ക് ഗുരുതര പരിക്കുണ്ട്. ശ്വാസകോശത്തിനും നട്ടെല്ലിനും പരിക്കുണ്ട്. ശ്വാസകോശത്തിൽ രക്‌തം കട്ടപിടിച്ചിട്ടുണ്ട്.
സർജറി ഇപ്പോൾ ആവശ്യമില്ലെന്നും ബോധരഹിതയാണെന്നും ആരോഗ്യസ്‌ഥിതി മെച്ചമാണെന്ന് ഇപ്പോൾ പറയാൻ കഴിയില്ലെന്നും ഡോക്‌ടർമാർ പറഞ്ഞു. സംഭവം അറിഞ്ഞു മന്ത്രി സജി ചെറിയാനും കോൺഗ്രസ് നേതാക്കളും കുടുംബവും സ്‌റ്റാഫ് അംഗങ്ങളും ആശുപത്രിയിൽ എത്തിയിട്ടുണ്ട്. എഡിജിപി എസ് ശ്രീജിത്തും കളക്‌ടറും ആശുപത്രിയിലുണ്ട്.
Most Read| സൂക്ഷിച്ചോളൂ, ഈ നഗരത്തിലെത്തിയാൽ ഭിക്ഷ കൊടുക്കരുത്! പോലീസ് കേസ് പിന്നാലെ വരും