പാലക്കാട്: ജില്ലയിൽ കൊയ്‌ത്തിന് പാകമായ പാടങ്ങളിൽ അപ്രതീക്ഷിത മഴയിൽ വൻ കൃഷിനാശം. ഒരാഴ്‌ച കൊണ്ട് വിവിധ പ്രദേശങ്ങളിലായി 133.4 ഹെക്‌ടർ നെൽകൃഷി വെള്ളം കയറി നശിച്ചു. 22 മുതൽ 28 വരെയുള്ള കണക്കാണിത്. രണ്ടു കോടിയുടെ നഷ്‌ടമാണ് കണക്കാക്കുന്നത്. ആലത്തൂർ, ചിറ്റൂർ, കൊല്ലങ്കോട്, കുഴൽമന്ദം, നെൻമാറ മേഖലയിലാണ് കൃഷിനാശം കുടുതൽ.
കുഴൽമന്ദത്ത് 39 ഹെക്‌ടറും, നെൻമാറയിൽ 38 ഹെക്‌ടറും നെൽകൃഷി നശിച്ചു. 18 കർഷകർക്കാണ് നഷ്‌ടം സംഭവിച്ചത്. 22 മുതൽ ജില്ലയിലെ ചില ഭാഗങ്ങളിൽ മഴ ലഭിച്ചിരുന്നു. 25 മുതൽ മഴ ശക്‌തമായി. കൊയ്‌ത്ത് ആരംഭിച്ചതോടെ പ്രതീക്ഷയിലായിരുന്ന കർഷകർക്ക് ഇരുട്ടടിയായി കൃഷിനാശം. കടം വാങ്ങി കൃഷിയിറക്കിയവരാണ് പ്രതിസന്ധിയിലായത്.
വീണുപോയ നെൽച്ചെടികൾ യന്ത്രസഹായത്താൽ കൊയ്യുക സാധ്യമല്ല. ആളെ നിർത്തി കൊയ്‌ത്ത് നടത്തിയാൽ നഷ്‌ടമാണെന്ന് കർഷകർ പറയുന്നു. വരും ദിവസങ്ങളിലും മഴ തുടരാൻ സാധ്യതയുള്ളതിനാൽ നെൽച്ചെടികൾ ചേർത്തുകെട്ടി ബാക്കിയുള്ളവ സംരക്ഷിക്കാനുള്ള ശ്രമത്തിലാണ് കർഷകർ. കൊയ്‌ത്ത് വേഗത്തിലാക്കാനുള്ള നടപടി ഉണ്ടാകണമെന്നും ഇവർ ആവശ്യപ്പെടുന്നു.
Read Also: മോന്‍സൺ മാവുങ്കൽ തട്ടിപ്പ്; പുരാവസ്‌തു ശേഖരം പരിശോധിക്കുമെന്ന് മന്ത്രി