തിരുവനന്തപുരം: കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജ്ജു ഇന്ന് മുനമ്പം സമരപ്പന്തലിൽ എത്തും. സമരസമിതി നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്ന അദ്ദേഹം, എൻഡിഎ സംഘടിപ്പിക്കുന്ന ‘അഭിനന്ദൻ സഭ’യിൽ പങ്കെടുക്കുകയും ചെയ്യും. മന്ത്രിക്കൊപ്പം ബിജെപി കേന്ദ്ര-സംസ്ഥാന നേതാക്കളും ഉണ്ടാകും.
രാവിലെ 11.20ന് നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തുന്ന മന്ത്രി വരാപ്പുഴ അതിരൂപത ആസ്ഥാനത്തെത്തി മേജർ ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിലുമായി കൂടിക്കാഴ്ച നടത്തും. എറണാകുളം താജ് വിവാന്തയിലെ വാർത്താ സമ്മേളനത്തിന് ശേഷം വൈകിട്ട് അഞ്ചുമണിയോടെ ആയിരിക്കും മുനമ്പം സമരപ്പന്തലിൽ എത്തുക.
ഈ മാസം ഒമ്പതിന് മുനമ്പത്ത് എത്തുമെന്ന് അറിയിച്ചിരുന്നണെങ്കിലും നേരത്തെ നിശ്ചയിച്ച പരിപാടികൾ ഉള്ളതിനാൽ സന്ദർശനം ഇന്നത്തേക്ക് മാറ്റുകയായിരുന്നു. വഖഫ് ഭേദഗതി ബിൽ പാർലമെന്റിൽ അവതരിപ്പിച്ച മന്ത്രിയെ മുനമ്പത്തേക്ക് എത്തിക്കാൻ ബിജെപി തയ്യാറെടുപ്പുകൾ തുടങ്ങിയിരുന്നു.
വഖഫ് ബിൽ പാസായതിന് പിന്നാലെ വലിയ ആഘോഷങ്ങളാണ് മുനമ്പത്ത് നടന്നത്. കേന്ദ്ര സർക്കാരിനെ അഭിനന്ദിച്ചും പ്രതിപക്ഷ എംപിമാരെ വിമർശിച്ചും സമരസമിതി രംഗത്തെത്തിയിരുന്നു. മോദിക്കും സുരേഷ് ഗോപിക്കും ജയ് വിളിച്ചായിരുന്നു ആഘോഷങ്ങൾ. വഖഫ് നിയമഭേദഗതിക്ക് പിന്നാലെ മുനമ്പം നിവാസികളായ 50ഓളം പേർ ബിജെപിയിൽ ചേർന്നിരുന്നു.
അതിനിടെ, വഖഫ് നിയമഭേദഗതിയെ അനുകൂലിച്ച് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ സുപ്രീം കോടതിയെ സമീപിച്ചു. നിയമം റദ്ദാക്കരുതെന്ന് ആവശ്യപ്പെട്ട് കക്ഷിചേരാൻ സംസ്ഥാനങ്ങൾ അപേക്ഷ നൽകി. മറ്റന്നാൾ വഖഫ് നിയമഭേദഗതിക്കെതിരായ ഹരജികൾ സുപ്രീം കോടതി പരിഗണിക്കാനിരിക്കെയായിരുന്നു സംസ്ഥാനങ്ങളുടെ നീക്കം.
അസം, മഹാരാഷ്ട്ര, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളാണ് കോടതിയെ സമീപിച്ചത്. പാർലമെന്റ് പാസാക്കിയ നിയമം ഭരണഘടനാ വിരുദ്ധമല്ലെന്നും ആരുടേയും മൗലികാവകാശങ്ങൾ റദ്ദാക്കുന്നതല്ലെന്നുമാണ് സംസ്ഥാനങ്ങളുടെ വാദം.
Most Read| സുപ്രീം കോടതിക്കെതിരെ ‘ജുഡീഷ്യറിയുടെ അതിരുകടന്ന ഇടപെടലെന്ന്’ ഗവർണർ