കൊച്ചി: മാനേജറെ മർദ്ദിച്ചെന്ന പരാതിയിൽ പോലീസ് കേസെടുത്തതിന് പിന്നാലെ മുൻകൂർ ജാമ്യം തേടി നടൻ ഉണ്ണി മുകുന്ദൻ കോടതിയെ സമീപിച്ചു. തനിക്കെതിരെയുള്ള ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് വ്യാജ പരാതി നൽകിയതെന്ന് ഉണ്ണി മുകുന്ദൻ എറണാകുളം ജില്ലാ കോടതിയിൽ സമർപ്പിച്ച ജാമ്യ ഹരജിയിൽ പറയുന്നു.
ഇന്നലെയാണ് തന്നെ മർദ്ദിച്ചെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ച് പ്രഫഷണൽ മാനേജറായ ചങ്ങനാശേരി സ്വദേശി വിപിൻ കുമാർ കാക്കനാട് ഇൻഫോ പാർക്ക് പോലീസിൽ ഉണ്ണി മുകുന്ദനെതിരെ പരാതി നൽകിയത്. ടൊവിനോ തോമസ് നായകനായ ‘നരിവേട്ട’യെ പ്രശംസിച്ച് ഇൻസ്‌റ്റാഗ്രാമിൽ പോസ്‌റ്റിട്ടതാണ് മർദ്ദനത്തിന് കാരണമെന്നാണ് വിപിൻ പറയുന്നത്.
കാക്കനാട്ടുള്ള ഫ്ളാറ്റിന്റെ ബേസ്‌മെന്റിലെ പാർക്കിങ്ങിൽ വിളിച്ചുവരുത്തി ഉണ്ണി മുകുന്ദൻ തന്റെ കരണത്ത് അടിച്ചെന്നും കുതറി ഓടിയ തന്നെ പിടിച്ചുനിർത്തി വീണ്ടും അടിക്കാൻ ശ്രമിക്കുകയും കൂളിങ് ഗ്ളാസ് തകർക്കുകയും കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും അസഭ്യം പറഞ്ഞുവെന്നും എന്നുമാണ് വിപിൻ ആരോപിക്കുന്നത്. ഇക്കാര്യങ്ങളാണ് പോലീസ് എഫ്‌ഐആറിൽ ചേർത്തിരിക്കുന്നത്.
എന്നാൽ, പരാതിക്കാരന്റെ ആരോപണത്തിൽ കഴമ്പില്ലെന്നാണ് ഉണ്ണി മുകുന്ദന്റെ വാദം. ആരോപണങ്ങൾ ഞെട്ടിക്കുകയും വേദനിപ്പിക്കുകയും ചെയ്‌തെന്നും വ്യക്‌തിപരമായ വൈരാഗ്യം തീർക്കുന്നതിനും നിയമവിരുദ്ധമായ നേട്ടങ്ങൾക്കുമായാണ് വിപിൻ പരാതി നൽകിയിരിക്കുന്നതെന്നും ഉണ്ണി കോടതിയിൽ സമർപ്പിച്ച ഹരജിയിൽ പറയുന്നു.
പരാതിക്കാരൻ മുൻപ് തന്റെ പേര് ദുരുപയോഗം ചെയ്‌ത് അപകീർത്തികരവും വ്യാജവുമായ പ്രസ്‌താവനകൾ പ്രചരിപ്പിച്ചെന്നും പല പ്രമുഖർക്കെതിരെയും നടിമാർക്കെതിരെയും ഇയാൾ വ്യാജ വിവരങ്ങൾ പ്രചരിപ്പിച്ചുവെന്നും അതിനെ തുടർന്ന് പിരിച്ചുവിട്ടതിന്റെ പ്രതികാരമായാണ് നിലവിലെ പരാതിയെന്നും ഉണ്ണി പറയുന്നു.
പരാതിക്കാരനെ ശാരീരികമായി ഉപദ്രവിച്ചു എന്ന ആരോപണം തികച്ചും അടിസ്‌ഥാനരഹിതമാണെന്നും ഉണ്ണി പറയുന്നു. തന്റെ വ്യക്‌തിജീവിതത്തിൽ ഉൾപ്പടെ അടിസ്‌ഥാനമില്ലാത്ത കാര്യങ്ങൾ പ്രചരിപ്പിച്ച് തന്നെ ഭീഷണിപ്പെടുത്തുകയാണ്. തന്റെ എതിരാളികൾക്കൊപ്പം ചേർന്നാണ് വിപിൻ ഇത്തരത്തിൽ പ്രചാരണങ്ങൾ നടത്തുന്നതും ആരോപണങ്ങൾ ഉന്നയിക്കുന്നതും.
സിനിമയ്‌ക്ക് അകത്തും പുറത്തുമുള്ള ചിലരുടെ പിന്തുണ വിപിനുണ്ടെന്നും ഇത്തരത്തിലൊരു കേസ് ഉണ്ടാക്കിയെടുക്കാൻ വരെ അവർക്ക് സാധിക്കുമെന്നും തുടങ്ങിയ കാര്യങ്ങളാണ് മുൻകൂർ ജാമ്യാപേക്ഷയിൽ ഉണ്ണി മുകുന്ദൻ പറഞ്ഞിരിക്കുന്നത്. അതേസമയം, പരാതിക്കാരനിൽ നിന്ന് വീണ്ടും മൊഴിയെടുത്ത ശേഷമാകും ഉണ്ണി മുകുന്ദനെ ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട നടപടികളിലേക്ക് കടക്കുകയെന്നാണ് വിവരം.
വിഷയത്തിൽ പ്രതികരണവുമായി ഉണ്ണി മുകുന്ദൻ രംഗത്തെത്തിയിരുന്നു. വിപിൻ കുമാർ ആരോപിക്കുന്നത് പോലെ ദേഹോപദ്രവം ഏൽപ്പിച്ചിട്ടില്ലെന്നും വർഷങ്ങളായി ഒരു സുഹൃത്തിനെപ്പോലെ കൂടെ ഉണ്ടായിരുന്ന ഒരു വ്യക്‌തി തന്നെക്കുറിച്ച് അപവാദ പ്രചാരണം നടത്തിയത് ചോദിക്കുക മാത്രമാണ് ചെയ്‌തതെന്നും ഉണ്ണി മുകുന്ദൻ മനോരമ ഓൺലൈനിനോട് വെളിപ്പെടുത്തിയിരുന്നു.

സിസിടിവി ക്യാമറ ഉള്ളിടത്താണ് ഇതെല്ലാം സംഭവിച്ചത്. സുഹൃത്ത് വിഷ്‌ണു ഉണ്ണിത്താനും സംഭവം നടക്കുമ്പോൾ കൂടെ ഉണ്ടായിരുന്നുവെന്നും ഉണ്ണി പറഞ്ഞു. എന്റെ പ്രതിച്‌ഛായ നശിപ്പിക്കാൻ ശ്രമിക്കുന്ന തരത്തിലുള്ള പ്രവൃത്തികൾ വിപിന്റെ ഭാഗത്തുനിന്നുണ്ടായി. മേപ്പടിയാൻ സംവിധായകൻ വിഷ്‌ണു മോഹൻ ഇക്കാര്യം വിപിനോട് ചോദിച്ചപ്പോൾ കുറ്റം ഏറ്റുപറഞ്ഞ് ക്ഷമ പറയുകയുണ്ടായി. പിന്നീട് വിഷ്‌ണു തന്നെ വിളിച്ച് നിങ്ങൾ നേരിട്ട് കണ്ട് പ്രശ്‌നം പരിഹരിക്കാൻ പറഞ്ഞു.
ഇതോടെ വിപിനെ നേരിട്ട് കാണാൻ കൊച്ചിയിലെ ഫ്‌ളാറ്റിലെത്തി. ബേസ്‌മെന്റ് പാർക്കിങ്ങിൽ വെച്ചാണ് വിപിനെ കണ്ടത്. കറുത്ത കൂളിങ് ഗ്ളാസ് ധരിച്ചാണ് വിപിൻ ഇറങ്ങിവന്നത്. എന്തിനാണ് എന്നെ കുറിച്ച് മറ്റുള്ളവരോട് മോശമായി സംസാരിക്കുന്നതെന്ന് ചോദിച്ചു. അതിന് വ്യക്‌തമായ മറുപടി വിപിന്റെ ഭാഗത്തുനിന്നുണ്ടായില്ല. അപ്പോഴാണ് കണ്ണട ഊരി സംസാരിക്കാൻ ആവശ്യപ്പെട്ടത്.
എന്റെ കണ്ണിൽ നോക്കി സംസാരിക്കാൻ പോലും അയാൾക്കായില്ല. കണ്ണട ഞാൻ ഊരി മാറ്റി പൊട്ടിച്ചു എന്നത് സത്യമാണ്. എന്നാൽ ദേഹോപദ്രവം ഏൽപ്പിക്കുന്ന ഒരു പ്രവൃത്തി പോലും ചെയ്‌തിട്ടില്ല. ആളുകൾ എപ്പോഴും വന്നുകൊണ്ടിരിക്കുന്ന സിസിടിവി ക്യാമറയുള്ള ഭാഗത്താണ് ഇതെല്ലാം നടന്നത്. ആ സമയത്ത് വിഷ്‌ണുവും അവിടെയുണ്ട്. അദ്ദേഹത്തിന്റെ മുന്നിൽവെച്ച് വിപിൻ സോറി പറയുകയും ചെയ്‌തു. പ്രശ്‌നം ഇവിടെ തീർന്നെന്ന് ഞാനും വിപിനോട് പറഞ്ഞു. പിന്നാലെയാണ് അയാൾ കേസുമായി രംഗത്തിറങ്ങിയതെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു.