ജറുസലേം: യുഎൻആർഡബ്‌ളൂഎ (യുണൈറ്റഡ് നേഷൻസ് റിലീഫ് ആൻഡ് വർക്ക് ഏജൻസി ഫോർ പലസ്‌തീൻ) പ്രവർത്തനങ്ങൾ നിർത്തലാക്കുന്നതുമായി ബന്ധപ്പെട്ട് നെസെറ്റ് (ഇസ്രയേൽ പാർലമെന്റ്) പാസാക്കിയ നിയമങ്ങൾ ഉടൻ നടപ്പിലാക്കണമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. ഉത്തരവ് നടപ്പാക്കുന്നതിന് യാതൊരു നിയന്ത്രണവും ഉണ്ടായിരിക്കുന്നതല്ലെന്നും അദ്ദേഹം അറിയിച്ചു.
കഴിഞ്ഞ ഒക്‌ടോബറിലാണ് യുഎൻആർഡബ്‌ളൂഎയുമായി ഇസ്രയേലിനുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കാനും ഏജൻസിയുടെ പ്രവർത്തനം നിർത്തലാക്കാനും രണ്ട് നിയമങ്ങൾ വലിയ ഭൂരിപക്ഷത്തോടെ നെസെറ്റ് പാസാക്കിയത്. ജനുവരി 30ഓടെ പ്രവർത്തനം അവസാനിപ്പിച്ച് കിഴക്കൻ ജറുസലേമിൽ നിന്ന് പിൻമാറാനാണ് ഏജൻസിക്ക് ഇസ്രയേൽ നിർദ്ദേശം നൽകിയിരുന്നത്.
ഇതിന് പിന്നാലെ ഈ മാസം ആദ്യം യുഎൻആർഡബ്‌ളൂഎയ്‌ക്കുള്ള ധനസഹായങ്ങൾ വെട്ടിക്കുറയ്‌ക്കുന്നതിനുള്ള ഉത്തരവുകളിൽ യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് ഒപ്പുവെക്കുകയും ചെയ്‌തു. ഇതോടെയാണ് പ്രവർത്തനം വേഗത്തിൽ അവസാനിപ്പിക്കാൻ പ്രധാനമന്ത്രി നിർദ്ദേശം നൽകിയിരിക്കുന്നത്.
പലസ്‌തീൻ അഭയാർഥികൾക്ക് വേണ്ടി ദുരിതാശ്വാസ പ്രവർത്തനങ്ങളും വികസന പ്രവർത്തനങ്ങളും നടപ്പിലാക്കുന്ന യുഎൻ ഏജൻസിയാണ് യുഎൻആർഡബ്‌ളൂഎ. 1948ലെ അറബ്-ഇസ്രയേൽ യുദ്ധ സമയത്താണ് ഏജൻസി പ്രവർത്തനം ആരംഭിക്കുന്നത്. യുദ്ധത്തിൽ വീടും ജീവിതമാർഗങ്ങളും നഷ്‌ടപ്പെട്ട പലസ്‌തീൻ അഭയാർഥികൾക്ക് സഹായം എത്തിച്ച് നൽകുക എന്നതായിരുന്നു ഏജൻസിയുടെ പ്രധാന ലക്ഷ്യം. പതിറ്റാണ്ടുകളായി വെസ്‌റ്റ് ബാങ്കിലും ഗാസ മുനമ്പിലും ഏജൻസി പ്രവർത്തിക്കുന്നുണ്ട്.
Most Read| രണ്ടാം ഭാര്യയുടെ പ്രേതത്തെ പേടി, 36 വർഷമായി സ്‌ത്രീ വേഷം കെട്ടി ജീവിക്കുന്ന പുരുഷൻ








































