കാരക്കസ്: വെനസ്വേലയിൽ നിന്ന് എണ്ണ കടത്തുന്നതായി ആരോപിച്ച്, റഷ്യൻ പതാകയുള്ള ‘മാരിനേര’ എന്ന കപ്പൽ അറ്റ്ലാന്റിക്കിൽ വെച്ച് യുഎസ് പിടിച്ചെടുത്തു. രണ്ടാഴ്ച പിന്തുടർന്ന ശേഷമാണ് നടപടി. കപ്പലിന് സംരക്ഷണം നൽകാൻ റഷ്യ യുദ്ധക്കപ്പലുകളും അന്തർവാഹിനിയും അയച്ച സാഹചര്യത്തിലാണ് യുഎസ് നടപടി.
എത്ര അകാലത്തിലായിരുന്നു കപ്പലുകളും അന്തർവാഹിനിയുമെന്ന് വ്യക്തമല്ല. ‘ബെല്ല 1’ എന്ന പേരിൽ അറിയപ്പെട്ടിരുന്ന കപ്പൽ അടുത്തിടെയാണ് മാരിനേര എന്ന് പേര് മാറ്റിയത്. വെനസ്വേലയിൽ നിന്ന് എണ്ണ കടത്തി എന്നാരോപിച്ച് ടാങ്കറിനെതിരെ യുഎസ് ഉപരോധം ഏർപ്പെടുത്തിയിരുന്നു. തുടർന്നാണ് കപ്പൽ പിടിച്ചെടുക്കാൻ ഡിസംബറിൽ യുഎസ് ശ്രമം നടത്തിയത്.
എന്നാൽ, യുഎസിന്റെ നീക്കം പരാജയപ്പെടുത്തിയ കപ്പലിലെ ഉദ്യോഗസ്ഥർ പേര് മാരിനേര എന്ന് മാറ്റുകയും ഗയാനയുടെ പതാക മാറ്റി റഷ്യൻ പതാക സ്ഥാപിക്കുകയും ചെയ്തു. കപ്പലിന്റെ രജിസ്ട്രേഷൻ റഷ്യയിലേക്ക് മാറ്റി. തുടർന്ന്, തങ്ങളുടെ കപ്പലിനെ നിരീക്ഷിക്കുകയും പിന്തുടരുകയും ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് റഷ്യ യുഎസിനോട് ആവശ്യപ്പെട്ടു.
കപ്പലിനെ സംരക്ഷിക്കാൻ യുദ്ധക്കപ്പലുകളും അന്തർവാഹിനിയും അയച്ചു. വടക്കൻ അറ്റ്ലാന്റിക്കിൽ വെച്ചാണ് യുഎസ് കോസ്റ്റ് ഗാർഡും യുഎസ് സൈന്യവും ചേർന്ന് കപ്പൽ പിടിച്ചെടുത്തതെന്നാണ് മാദ്ധ്യമ റിപ്പോർട്ടുകൾ. റഷ്യയിലേക്ക് നിയമവിരുദ്ധമായി എണ്ണ കടത്തുന്ന കപ്പലാണിതെന്നാണ് യുഎസ് പറയുന്നത്. റഷ്യ-യുഎസ് സേനകൾ തമ്മിൽ ഏറ്റുമുട്ടൽ നടന്നതായി വിവരമില്ല.
Most Read| എന്റമ്മോ എന്തൊരു വലിപ്പം! 29.24 കോടി രൂപയ്ക്ക് ലേലത്തിൽ വിറ്റുപോയ മൽസ്യം








































