ക്വാലാലംപുർ: യുഎസും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധത്തിൽ മഞ്ഞുരുകുന്നു. ഇരു രാജ്യങ്ങളും വ്യാപാര കരാറിന് തൊട്ടരികിലാണെന്നാണ് വിവരം. തർക്കങ്ങളിൽ അയവ് വന്നെന്നും പരസ്‌പര ധാരണയായെന്നും ചൈനയുടെ പ്രതിനിധിയായ ലി ചെങ്‌ഗാങ് ആസിയാൻ ഉച്ചകോടിക്കിടെ മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.
തർക്ക വിഷയങ്ങളിൽ ഇരു രാജ്യങ്ങളും തമ്മിൽ പ്രാഥമിക ധാരണയായെന്നാണ് ചെങ്‌ഗാങ് അറിയിച്ചത്. കരാറിന് വഴിയൊരുങ്ങിയെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപും പറഞ്ഞു. സമീപ ഭാവിയിൽ ചൈന സന്ദർശിക്കുമെന്ന് പറഞ്ഞ ട്രംപ്, ചൈനീസ് പ്രസിഡണ്ട് ഷി ചിൻപിങ് യുഎസിൽ വാഷിങ്ങ്ടനിലോ ഫ്ളോറിഡയിലോ തന്റെ സ്വകാര്യ വസതിയിലോ സന്ദർശനം നടത്താനും സ്വാഗതം ചെയ്‌തു.
ചൈനയ്‌ക്ക് മേൽ യുഎസ് ചുമത്തിയ 100% തീരുവ ഒഴിവാക്കുമെന്നും യുഎസിൽ നിന്നുള്ള സോയാബീൻ ഇറക്കുമതി ചൈന പുനരാരംഭിക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നതെന്നും യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസ്സന്റ് പ്രത്യാശ പ്രകടിപ്പിച്ചു. ഈയാഴ്‌ച ദക്ഷിണ കൊറിയയിൽ നടക്കുന്ന അപെക് ഉച്ചകോടിക്കിടെ ട്രംപും ഷി ജിൻപിങ്ങും കൂടിക്കാഴ്‌ച നടത്തിയേക്കും.
സാങ്കേതിക മേഖലയ്‌ക്ക് ഒഴിച്ചുകൂടാനാവാത്ത അപൂർവധാതു കയറ്റുമതിയിലുള്ള നിയന്ത്രണം ചൈന ഒരു വർഷത്തേക്ക് മരവിപ്പിക്കും. ചൈനയിൽ നിന്നുള്ള ഇറക്കുമതി വസ്‌തുക്കൾക്ക് ട്രംപ് 100% അധിക തീരുവ പ്രഖ്യാപിച്ചതിനെ തുടർന്ന് ഇരു രാഷ്‌ട്രങ്ങളും തമ്മിലെ വ്യാപാര ബന്ധം പാടെ ഉലഞ്ഞതോടെയാണ് അനുരഞ്‌ജന ചർച്ചകൾ തുടങ്ങിയത്.
Most Read| ഇതൊക്കെ സിമ്പിൾ… തിരുവസ്‌ത്രത്തിൽ സബീന കുതിച്ചത് സ്വർണ തിളക്കത്തിലേക്ക്







































