വാഷിങ്ടൻ: അമേരിക്കയുടെ പുതിയ പ്രസിഡണ്ട് ആരെന്ന് ഉടനറിയാം. യുഎസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ച് ആദ്യ മണിക്കൂറുകൾ പിന്നിടുമ്പോൾ മൂന്ന് സ്വിങ് സ്‌റ്റേറ്റുകളിൽ റിപ്പബ്ളിക്കൻ സ്‌ഥാനാർഥി ഡൊണാൾഡ് ട്രംപ് മുന്നേറുന്നു. രണ്ട് സംസ്‌ഥാനങ്ങളിൽ കമല ഹാരിസാണ് മുന്നിൽ.
വിസ്‌കോൻസെൻ, ജോർജിയ, നോർത്ത് കാരോലൈന എന്നിവിടങ്ങളിൽ ട്രംപും പെൻസിൽവേനിയ, മിഷിഗൻ എന്നിവിടങ്ങളിൽ കമലയുമാണ് മുന്നേറുന്നത്. യുഎസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ സ്വിങ് സ്‌റ്റേറ്റുകളിലെ വിജയം നിർണായകമാണ്. ആരോട് ആഭിമുഖ്യം എന്ന് വ്യക്‌തമാക്കാതെ ചാഞ്ചാടുന്ന ഏഴ് സംസ്‌ഥാനങ്ങളിലും (സ്വിങ് സ്‌റ്റേറ്റ്‌സ്) കമലയും ട്രംപും ഒപ്പത്തിനൊപ്പമാണെന്നാണ് സർവേകൾ.
അരിസോന, നെവാഡ, ജോർജിയ, നോർത്ത് കരോലൈന, പെൻസിൽവേനിയ, മിഷിഗൻ, വിസ്‌കോൻസെൻ എന്നിവയാണ് സ്വിങ് സ്‌റ്റേറ്റ്‌സ്. ഇതുവരെ പുറത്തുവന്ന ഫലസൂചനകൾ ട്രംപിന് അനുകൂലമാണ്. 20 സംസ്‌ഥാനങ്ങളിൽ ട്രംപ് മുന്നേറുകയാണ്. ആകെയുള്ള 538 ഇലക്‌ടറൽ കോളേജ് വോട്ടുകളിൽ 270 എണ്ണം സ്വന്തമായാൽ കേവല ഭൂരിപക്ഷമാകും.
ഔദ്യോഗിക ഫലപ്രഖ്യാപനം 2025 ജനുവരി ആറിനാണ്. കമല ഹാരിസ് ജയിച്ചാൽ ആദ്യത്ത വനിതാ പ്രസിഡണ്ടാകും. ഡൊണാൾഡ് ട്രംപ് വീണ്ടും പ്രസിഡണ്ടായാൽ അതും വേറിട്ട ചരിത്രമാകും. 127 വർഷത്തിനുശേഷം, തുടർച്ചയല്ലാതെ വീണ്ടും യുഎസ് പ്രസിഡണ്ടാകുന്ന വ്യക്‌തിയാകും ട്രംപ്.
Most Read| വിശ്വാസം നഷ്‌ടപ്പെട്ടു; ഇസ്രയേൽ പ്രതിരോധമന്ത്രിയെ പുറത്താക്കി